ജില്ലയുടെ വിനോദ സഞ്ചാര മേഖലയുടെ മുഖഛായ മാറ്റുന്ന ബേപ്പൂർ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റിനായി നാടൊരുങ്ങി. അന്താരാഷ്ട്ര സാഹസിക ജല കായിക മത്സരങ്ങളുടെ ഭൂപടത്തില്‍ ഇതിനകം ഇടം നേടിയ ബേപ്പൂര്‍ ഫെസ്റ്റ് മൂന്നാം സീസണിന് ഡിസംബര്‍ 26 ന് തുടക്കമാവും. ഡിസംബര്‍ 29 വരെ നീണ്ടു നിൽക്കുന്ന ബേപ്പൂര്‍ വാട്ടര്‍ഫെസ്റ്റ് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സാഹസിക ജല കായിക മത്സരങ്ങളുടെ വേദികളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്.

ബേപ്പൂരില്‍ ചാലിയാറിന്റെ തീരത്തും മറീന ബീച്ചിലും ഫറോക്ക് നല്ലൂരിലും ചാലിയത്തും കോഴിക്കോട് ബീച്ചിലുമായി ടൂറിസം വകുപ്പും ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും ചേര്‍ന്നാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ഫെസ്റ്റിനോടനുബന്ധിച്ചുള്ള ടൂറിസം കാർണിവൽ, ഫുഡ്‌ ഫെസ്റ്റിവൽ, ഫുഡ്‌ ആൻഡ്‌ ഫ്ളീ മാർക്കറ്റ് തുടങ്ങിയവ മുഴുവൻ ദിവസങ്ങളിലും ഉച്ചക്ക് രണ്ട് മുതൽ രാത്രി 10 വരെ ഉണ്ടാവും.

ആദ്യ ദിവസമായ ഡിസംബർ 26ന് സൈക്ലിംഗ്, സിറ്റ് ഓൺ ടോപ്പ് കയാക്ക് സിംഗിൾ, ഇന്റർനാഷണൽ കൈറ്റ് ഫെസ്റ്റ്, സിറ്റ് ഓൺ ടോപ്പ് കയാക്ക് ഡബിൾ, പാരാമോട്ടറിങ്, ഫ്ലൈബോർഡ് ഡെമോ, റോവിങ് ഡെമോ, സർഫിങ് ഡെമോ, സീ റാഫ്റ്റിംഗ് ഡെമോ, വിന്റ് സർഫിംഗ് ഡെമോ എന്നിവ നടക്കും. ഡിസംബർ 27ന് സ്റ്റാൻഡ് അപ്പ്‌ പാഡിൽ റേസ്, സർഫ് സ്കി ഡെമോ, ഡിങ്കി ബോട്ട് റേസ്, ഇന്റർനാഷണൽ കൈറ്റ് ഫെസ്റ്റ്, വലയെറിയൽ, ഫ്ലൈ ബോർഡ് ഡെമോ, ട്രഷറർ ഹണ്ട്, പാരാമോട്ടറിങ്, സർഫിംഗ് ഡെമോ, ഡിസംബർ 28ന് ബാംബൂ റാഫ്റ്റിംഗ് റേസ്, സെയിലിംഗ് റഗാട്ട, കൺട്രി ബോട്ട് റേസ്, കൈറ്റ് ഫെസ്റ്റ്, ഫ്ലൈ ബോർഡ് ഡെമോ, ബോഡി ബോർഡ് ഡെമോ, പാരാ മോട്ടറിങ്, സർഫിങ് ഡെമോ, സീ കയാക്ക് റേസ്, ഡിസംബർ 29ന് ഫൈബർ കാനോയ് റേസ്, സെയിലിംഗ് റഗാട്ട, ആംഗ്ലിംഗ്, ഇന്റർനാഷണൽ കൈറ്റ് ഫെസ്റ്റ്, പാരാമോട്ടോറിങ്, സർഫിങ് ഡെമോ, വിംഗ് ഫോയിലിംഗ്, ചുരുളൻ വള്ളം റേസ്, കയാക്ക് സെയിൽ ഡെമോ എന്നീ ഇനങ്ങൾ കാഴ്ചക്കരെ ആവേശത്തിലാഴ്ത്തും.

ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന്റെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗിന്റെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. മാത്തോട്ടം വനശ്രീയിൽ ചേർന്ന യോഗത്തിൽ വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തി. വൈവിധ്യമായ പരിപാടികൾക്കൊപ്പം സുരക്ഷയും പാർക്കിംഗ് സൗകര്യവും വാട്ടർ ഫെസ്റ്റിനോടനുബന്ധിച്ച് ഒരുക്കാൻ യോഗത്തിൽ തീരുമാനിച്ചു

ടൂറിസം ഡയറക്ടർ പി ബി നൂഹ്,ഡെപ്യൂട്ടി കലക്ടർമാരായ ഇ. അനിതകുമാരി,ഹേമ, അസിസ്റ്റന്റ് കലക്ടർ പ്രതീക് ജെയ്ൻ,ടൂറിസം ജോയിന്റ് ഡയറക്ടർ ഡി ഗിരീഷ് കുമാർ, സംഘാടക സമിതി കൺവീനർ രാധാഗോപി, ഡിടിപിസി സെക്രട്ടറി നിഖിൽദാസ്, വിവിധ കമ്മിറ്റികളുടെ കൺവീനർമാർ, വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.