ഒരു പ്രതിസന്ധിയിലും ഉലയാത്തതരത്തിലുള്ള വികസന-ക്ഷേമപ്രവര്‍ത്തനങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് കുതിക്കുകയാണെന്ന്  ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍. കെ എം എം എല്‍ മൈതാനിയില്‍ ചവറ നിയോജകമണ്ഡലത്തിലെ നവകേരള സദസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തിക പ്രതിസന്ധിയുടെ കാലഘട്ടത്തിലും ക്ഷേമപെന്‍ഷന്‍ 1600 രൂപയിലേക്ക് ഉയര്‍ത്തി.  സാമ്പത്തിക ആനുകൂല്യങ്ങള്‍ പലതും സംസ്ഥാനത്തിന് ലഭിക്കാത്ത ഘട്ടത്തില്‍  പോലും ഒരു ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും മുടക്കം വരുത്തിയിട്ടില്ല.

ലൈഫ്, പുനര്‍ഗേഹം തുടങ്ങിയ പദ്ധതികളിലൂടെ അനവധി കുടുംബങ്ങള്‍ക്ക് സുരക്ഷിത ഭവനങ്ങള്‍ ഒരുക്കി. ഇ-സേവനങ്ങളും, പോര്‍ട്ടലുകളും സജ്ജീകരിച്ച് 900 സേവനങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കി. സര്‍ക്കാര്‍ സ്‌കൂളുകള്‍ 2016ന് ശേഷം ലോകോത്തര നിലവാരത്തിലുള്ള മികവിന്റെ ഇടങ്ങളായി.  ഹരിത കര്‍മ്മസേനയുടെ  പ്രവര്‍ത്തനങ്ങളിലൂടെ ഭൂസമ്പത്തിനെ സംരക്ഷിക്കുന്നു. വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമാക്കി. കാര്‍ഷിക-വ്യവസായ മേഖലകള്‍ ഉള്‍പ്പെടെ  വികസനത്തിന്റെ നാനാതുറയിലും സമാനതകളില്ലാത്ത മുന്നേറ്റമാണ് സംസ്ഥാനത്തിന്റേത് എന്നും മന്ത്രി പറഞ്ഞു.