ഐക്യത്തോടെയും ഒത്തൊരുമയോടെ കഴിയുന്ന നാടിനെ ഒരു പ്രതിസന്ധിക്കും തകർക്കാനാവില്ലെന്ന്  മുഖ്യമന്ത്രി പിണറായി വിജയൻ. ഒരേ മനസ്സോടെ മുന്നോട്ടു പോകുന്ന നാടിന് ഏതു വെല്ലുവിളിയും നേരിടാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സിറാമിക്‌സ് ഗ്രൗണ്ടിൽ കുൺണ്ടറ നിയോജകമണ്ഡലം നവകേരള സദസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തിന്റെ പൊതുവായ പ്രശ്നങ്ങളും ആവശ്യങ്ങളും അവതരിപ്പിക്കുകയാണ് നവകേരള സദസിൽ. പ്രഭാത യോഗങ്ങളിൽ കക്ഷിരാഷ്ട്രീയ ഭേദമന്യേയാണ് പങ്കാളിത്തം. സംസ്ഥാനത്ത് ആഭ്യന്തര വളർച്ചനിരക്ക് ഉയരുകയാണ്. തനത് വരുമാനത്തിലും വലിയ പുരോഗതിയാണ്. 41 ശതമാനമാണ് വർദ്ധന. ഇത് സാമ്പത്തിക മേഖലയുടെ മികവാണ് സൂചിപ്പിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം സംസ്ഥാനത്തിന്റെ നികുതി വരുമാനത്തിൽ 23,000 കോടി രൂപയുടെയാണ് വർദ്ധനവ്. പ്രതിശീർഷ വരുമാനം ഇരട്ടിയോളമായി ഉയർന്നു. കിഫ്ബി വഴി അനവധി വികസന പ്രവർത്തനങ്ങളാണ് നടത്തിയത്. എന്നാൽ കിഫ്ബിയുടെ കടവും സംസ്ഥാനത്തിന്റെ കടമായാണ് ഇപ്പോൾ കണക്കാക്കുന്നത്.

സംസ്ഥാനം നേരിടുന്ന വിവേചനങ്ങൾ വേണ്ടയിടങ്ങളിൽ ചർച്ചയാകുന്നില്ല. സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്നവരും പ്രശ്‌നങ്ങൾ അതത് തലങ്ങളിൽ ഉന്നയിക്കുന്നില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാരായ അഹമ്മദ് ദേവർകോവിൽ, കെ. രാധാകൃഷ്ണൻ,ജെ. ചിഞ്ചുറാണി എന്നിവർ സംസാരിച്ചു. മുൻ മന്ത്രിയും സംഘാടക സമിതി ചെയർപേഴ്‌സണുമായ ജെ. മേഴ്‌സിക്കുട്ടിയമ്മ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗോപൻ, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.