സ്ത്രീകളെ സാമൂഹികമായും സാമ്പത്തികമായും ഉയർത്തിക്കൊണ്ടുവരുന്നതിന് പ്രഥമപരിഗണനയാണ് സംസ്ഥാന സർക്കാർ നൽകുന്നതെന്ന് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. സിറാമിക്‌സ് ഗ്രൗണ്ടിൽ കുണ്ടറ നിയോജകമണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മന്ത്രി. 25 വർഷം പിന്നിട്ട കുടുംബശ്രീ വലിയ പ്രസ്ഥാനമായി മാറി, സാമൂഹിക സാമ്പത്തിക ഉന്നമനത്തിന് കാരണമായി. ഒട്ടേറെ സ്ത്രീകളാണ് സംരംഭകത്വത്തിലേക്ക് കടന്നുവന്നത്.
കേരളത്തിലെ അതിദരിദ്രരുടെ എണ്ണം ദിനംപ്രതി കുറയുകയാണ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയാണ് ലക്ഷ്യം. 2025 -ൽ അതിദരിദ്രർ ഇല്ലാത്ത ഇന്ത്യയിലെ ഏക സംസ്ഥാനമായി കേരളം മാറും. തൊഴിലില്ലായ്മ പരിഹരിക്കുന്നതിനായി വലിയ പദ്ധതികളാണ് നടപ്പിലാക്കുന്നത്. വ്യവസായ സൗഹൃദ സംസ്ഥാനമാണ് ഇന്ന് കേരളം. കൂടുതൽ വ്യവസായങ്ങൾ കേരളത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
2023 ജനുവരി മുതൽ ജൂൺവരെയുള്ള കണക്കുകൾ പ്രകാരം 15,000 ലധികം ജനങ്ങൾക്ക് തൊഴിൽ നൽകാനായി. കൃഷി വ്യാപകമാക്കുകയുമാണ്. റോഡുകളുടെ വികസനം, തീരദേശ മേഖലയിൽ പശ്ചാത്തലസൗകര്യ വികസനം, താലൂക്ക്, ജില്ലാ ആശുപത്രികളിൽ ആധുനിക സജ്ജീകരണങ്ങൾ, വിദ്യാഭ്യാസമേഖലയിൽ സമഗ്രപുരോഗതി എന്നിവ സർക്കാരിന്റെ കാര്യക്ഷമമായ ഭരണത്തിന്റെ തെളിവുകളാണ്. ഏഴര വർഷത്തിൽ മൂന്ന് ലക്ഷം പേർക്കാണ് പട്ടയം നൽകിയത്. എല്ലാവർക്കും വീടെന്ന സ്വപ്നം സാക്ഷാത്കരിച്ചു മുന്നേറുകയാണ് സർക്കാരെന്നും മന്ത്രി പറഞ്ഞു.