പ്രതിസന്ധികാലങ്ങളിലും സംസ്ഥാന സർക്കാർ ജനങ്ങളെ ചേർത്ത് നിർത്തിയത് വഴി മികച്ച ജീവിത സാഹചര്യം ഉറപ്പാക്കാൻ ആയെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. ആശ്രാമം പ്രശാന്തി ഗാർഡൻസിൽ സംഘടിപ്പിച്ച കൊല്ലം നിയോജകമണ്ഡലത്തിലെ നവകേരള സദസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് പലയിടത്തും മതിയായ ചികിത്സ ലഭിക്കാതെ ജനങ്ങൾ വലഞ്ഞപ്പോൾ സംസ്ഥാനത്ത് എല്ലാവർക്കും രാജ്യാന്തര നിലവാരത്തിലുള്ള ആരോഗ്യപരിരക്ഷ നൽകാൻ സർക്കാരിനായി. സാമ്പത്തിക പ്രതിസന്ധിയിലും ഒരാൾക്ക് പോലും പട്ടിണി കിടക്കേണ്ടി വന്നില്ല.

ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ ഉപാധികളില്ലാത്ത വികസന പ്രവർത്തനങ്ങളാണ് സർക്കാർ കാഴ്ചവച്ചത്. ഓലമേഞ്ഞ സ്കൂളുകളുടെ സ്ഥാനത്ത് ഇന്ന് ഹൈടെക് ബഹുനില മന്ദിരങ്ങളാണ്. കേരളത്തിൽ ഉന്നത വിദ്യാഭ്യാസം നേടിയവർക്ക് ലോകത്ത് എവിടെയും തൊഴിൽ ലഭിക്കുന്ന സാഹചര്യമാണ്. വിദ്യാർത്ഥികൾക്ക് തൊഴിൽ നൈപുണ്യ പരിശീലനങ്ങളും നൽകിവരുന്നു.

പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളായി മെച്ചപ്പെടുത്തി. സങ്കീർണ്ണമായ അവയവ മാറ്റശസ്ത്രക്രിയ പോലും മികവുറ്റ രീതിയിൽ ഇന്ന് സർക്കാർ ആശുപത്രികളിൽ നടത്താൻ സാധിക്കുന്നു. കോവിഡിന് ശേഷവും ശക്തമായി പിടിച്ചുനിൽക്കുന്ന ടൂറിസം മേഖലകളിൽ ഒന്നാണ് കേരളത്തിന്റെത്. ഭൂപ്രകൃതി പരമാവധി പ്രയോജനപ്പെടുത്തുന്ന രീതിയിൽ ടൂറിസം മേഖല തുടർന്നും മെച്ചപ്പെടുത്തും. കൂടുതൽ വ്യവസായ സംരംഭങ്ങളും തൊഴിലവസരങ്ങളും സൃഷ്ടിച്ചു. എല്ലാവർക്കും ശുദ്ധജലം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തിലേക്കാണ് സർക്കാർ എത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.