ഉത്സവരാവിന്റെ വേദിയുണർത്തി സൂര്യ’പുത്രന്‍

ബേക്കല്‍ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റ് രണ്ടാം പതിപ്പിന്റെ ആദ്യദിനത്തിന്റ വേദിയിൽ വിസ്മയം തീര്‍ത്ത് ലാസ്യ കലാക്ഷേത്രയുടെ നൃത്താവിഷ്‌കാരം സൂര്യപുത്രന്‍. മഹാഭാരതത്തിലെ കര്‍ണന്റെ കഥയാണ് ഇതിലെ മുഖ്യപ്രമേയം. കര്‍ണ്ണന്‍ ജീവിതത്തിലുടനീളം അനുഭവിച്ച അപമാനവും നീതിയില്ലായ്മയും വികാര സാന്ദ്രമായി കാണികളിലേക്ക് എത്തിച്ചു.

സൂതനായി വളരേണ്ടി വന്നതിന്റെ പേരില്‍ അര്‍ഹമായ വിദ്യകളും സ്ഥാനമാനങ്ങളും കര്‍ണ്ണനു നിഷേധിക്കപ്പെട്ടു. പെറ്റമ്മയായ കുന്തിയാല്‍ ഉപേക്ഷിക്കപ്പെട്ട സൂര്യപുത്രനെ സൂതപുത്രനായി പാണ്ഡവരുള്‍പ്പെടെയുള്ള ബന്ധുജനങ്ങള്‍ കണക്കാക്കി. പഞ്ചപാണ്ഡവരും കര്‍ണ്ണനെ ജാതീയമായി വളരെയേറെ അവഹേളിക്കുന്നുണ്ട്. സമൂഹത്തില്‍ നിരവധി കര്‍ണന്‍മാര്‍ ഉണ്ടെന്ന് നൃത്തശില്പം ചൂണ്ടിക്കാണിക്കുന്നു. ചതിയുടെയും, പോര്‍വിളികളുടെയും നിലമായ കുരുക്ഷേത്ര ഭൂമിയില്‍ വെച്ച് നിരായുധനായ കര്‍ണ്ണനെ അര്‍ജ്ജുനന്‍ നാഗാസ്ത്രമയച്ചു വധിക്കുന്നതോടുകൂടി നൃത്താവിഷ്‌ക്കാരം അവസാനിക്കുന്നു.

യക്ഷഗാനവും നാടോടിക്കലകളും കളരിപ്പയറ്റുമെല്ലാം സമന്വയിപ്പിച്ച് ഒന്നര മണിക്കൂര്‍ നീണ്ട കര്‍ണന്‍ന്റെ നൃത്താവിഷ്‌കാരം സദസ്സിന് ഒരു പുത്തന്‍ അനുഭവമാണ് നല്‍കിയത്. ലാസ്യ കലാക്ഷേത്രയുടെ കീഴിലുള്ള ലാസ്യ കോളേജ് ഓഫ് ഫൈന്‍ ആര്‍ടിലെ അദ്ധ്യാപകരായ ഡോ. കലാമണ്ഡലം ലത, ഡോ ആര്‍ രഘുനാഥ്, കലാക്ഷേത്ര വിദ്യാലക്ഷ്മി, വി വീണ എന്നിവരോടൊപ്പം ഭരതനാട്യത്തില്‍ ബിരുദം, ബിരുദാനന്തര ബിരുദം കോഴ്‌സില്‍ പഠിക്കുന്ന 15 ഓളം കലാകാരികള്‍ വേദിയില്‍ അണിനിരന്നു. കൊറിയോഗ്രാഫി ഹരിത തമ്പാന്‍. ഡോ.എ എസ്പ്രശാന്ത് കൃഷ്‌നാണ് രചന നിര്‍വ്വഹിച്ചത്.