ബേക്കൽ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിന്റെ മൂന്നാം ദിനമായ ഞായറാഴ്ച്ച നടന്ന സാംസ്കാരിക സദസ്സിൽ മുഖ്യാതിഥിയായി ഗായികയും ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവുമായ നഞ്ചിയമ്മ.

കാസർകോട് ജില്ലയിൽ നിരവധി തവണ വന്നിട്ടുണ്ടെങ്കിലും ബേക്കൽ ബീച്ച് ഫെസ്റ്റിവലിന്റെ ഭാഗമാവാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് നഞ്ചിയമ്മ പറഞ്ഞു. സിനിമയിൽ ആലപിച്ച ഗാനങ്ങൾ നിറഞ്ഞ വേദിക്ക് മുന്നിൽ വീണ്ടും പാടാനും നഞ്ചിയമ്മ മറന്നില്ല.

ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.ധന്യ അധ്യക്ഷത വഹിച്ചു. ബേക്കൽ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവൽ സംഘാടക സമിതി ചെയർമാൻ സി.എച്ച്.കുഞ്ഞമ്പു എം.എൽ.എ നഞ്ചിയമ്മയ്ക്ക് ഉപഹാരം നൽകി. സംഘാടക സമിതി ഗതാഗത കമ്മിറ്റി ചെയർമാൻ രാജേഷ് പള്ളിക്കര സ്വാഗതവും ടി.സി.സുരേഷ് നന്ദിയും പറഞ്ഞു.