ജില്ലയിലെ 11 നിയമസഭാ മണ്ഡലങ്ങളിൽനിന്നായി നവകേരള സദസിൽ ലഭിച്ച നിവേദനങ്ങളുടെ പരിശോധനയും തുടർനടപടികളും ആരംഭിച്ചു. ആകെ 50938 നിവേദനങ്ങളാണ്  പരിശോധിക്കുന്നത് എന്ന് ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് അവലോകനയോഗശേഷം വ്യക്തമാക്കി.
ഓരോആവശ്യങ്ങളും അനുഭാവപൂര്‍വമാണ് പരിഗണിക്കുന്നത്. അടിയന്തര നടപടി ആവശ്യമുള്ളവ പ്രത്യേകം പരിശോധിക്കുകയാണ്. ഇ-ഓഫീസ് സംവിധാനത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി തുടര്‍നടപടികള്‍ക്ക് ഗതിവേഗം പകരും. ജില്ലാതലത്തില്‍ തീര്‍പ്പാക്കേണ്ടവ അതത് ജില്ലാതല വകുപ്പ് മേധാവികള്‍ക്ക് കൈമാറി. സര്‍ക്കാര്‍തലത്തിലേക്ക് നല്‍കേണ്ടവ വിശദമായി പരിശോധിച്ച ശേഷമാകും കൈമാറുക. പരിഹാരം ഉറപ്പാക്കുന്നതിനുള്ള സൂക്ഷ്മ നടപടികള്‍ക്കും നിര്‍ദേശിച്ചു.

സംസ്ഥാനതലത്തില്‍ തീര്‍പ്പാക്കേണ്ടവയ്ക്ക് പരമാവധി 45 ദിവസമാണ് പരിഹാരത്തിന് അനുവദിക്കുക. അത്തരം പരാതികള്‍ ജില്ലാ മേധാവികള്‍ റിപ്പോർട്ട് സഹിതം നിശ്ചിത പോര്‍ട്ടലില്‍ നല്‍കുന്നതിന് നിര്‍ദേശിച്ചു. എന്നാല്‍ അടിയന്തരപ്രാധാന്യമുള്ളവയ്ക്ക് അര്‍ഹിക്കുന്ന പരിഗണന നല്‍കി അനന്തരനടപടികള്‍ ത്വരിതപ്പെടുത്തും. നടപടികള്‍ സംബന്ധിച്ച് നിവേദനം നല്‍കിയവര്‍ക്കുള്ള അറിയിപ്പ് കൃത്യതയോടെ നല്‍കും. നടപടിയുടെ പുരോഗതി സംബന്ധിച്ച് ആവശ്യമെങ്കില്‍ ഇടക്കാല മറുപടി നല്‍കാനും നിര്‍ദേശം നല്‍കി. മറുപടികള്‍ തപാല്‍മാര്‍ഗം ലഭ്യമാക്കും. പരിഹാരനടപടികള്‍ക്കുള്ള മേല്‍നോട്ട ചുമതല എ ഡി എം നിര്‍വഹിക്കുമെന്നും അദ്ദേഹം അറിയിച്ചു. യോഗത്തില്‍ സബ് കലക്ടര്‍ മുകുന്ദ് ഠാക്കൂര്‍, പുനലൂര്‍ ആര്‍ ഡി ഒ ബി ശശികുമാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.