കേന്ദ്ര സിലബസ് സ്‌കൂളുകളുടെ മൂന്നാമത് സംസ്ഥാന തല കായിക മത്സരം ‘കേരള സെൻട്രൽ സ്‌കൂൾസ് സ്‌പോർട്‌സ് മീറ്റ് 2023-24’ ജനുവരി അഞ്ച്, ആറ് തീയതികളിൽ കോഴിക്കോട് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ നടത്തും.

സംസ്ഥാന സ്‌പോർട്‌സ് കൗൺസിലും കേന്ദ്ര സിലബസ് വിദ്യാലയങ്ങളുടെ സംഘടനയായ കൗൺസിൽ  ഓഫ്  സി.ബി.എസ്.ഇ സ്‌കൂൾസ് കേരളയും സംയുക്തമായിട്ടാണ് മീറ്റ് സംഘടിപ്പിക്കുന്നത്. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ കേന്ദ്രീയ വിദ്യാലയ, നവോദയ എന്നീ കേന്ദ്ര സിലബസ് സ്‌കൂളുകളിലെ വിദ്യാർഥികളാണ് കായിക മത്സരത്തിൽ പങ്കെടുക്കുക.

കായിക മന്ത്രി വി. അബ്ദുറഹിമാൻ ജനുവരി അഞ്ചിന് രാവിലെ 9.30ന് മീറ്റിന്റെ  ഉദ്ഘാടനം നിർവഹിക്കും. പി. അബ്ദുൽ ഹമീദ് മസ്റ്റർ എം.എൽ.എ അധ്യക്ഷത വഹിക്കും. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാൻസ്‌ലർ ഡോ. എം.കെ ജയരാജ്, സി.ബി.എസ്.ഇ റീജിയണൽ ഡയറക്ടർ മഹേഷ് ധർമ്മാധികാരി എന്നിവർ മുഖ്യാതിഥികളായിരിക്കും. ഡോ. എം.പി അബ്ദുസമദ് സമദാനി എം.പി, ഡോ. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പ്രോ വൈസ് ചാൻസിലർ എം. നസീർ എന്നിവർ വിജയികൾക്ക് സമ്മാനദാനം നിർവഹിക്കും.  ദേശീയ അന്തർദേശീയ തലത്തിൽ ശ്രദ്ധേയരായ കായികതാരങ്ങളും ചടങ്ങിൽ പങ്കെടുക്കും.

അണ്ടർ, 19, 17, 14 വിഭാഗങ്ങളിലായിട്ടാണ് മത്സരങ്ങൾ. 100, 200, 400, 800  മീറ്റർ  ഓട്ടം, ലോങ് ജംപ് , ഹൈ  ജംപ്, ഷോട്ട് പുട്ട്,  4X100,  4X400 മീറ്റർ റിലേ എന്നീയിനങ്ങളിലാണ് മത്സരങ്ങൾ.  ജില്ലാതല മത്സരങ്ങളിൽ ഒന്നും രണ്ടും, മൂന്നും  സ്ഥാനങ്ങൾ  നേടിയ 1600ഓളം കായിക പ്രതിഭകളാണ് സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുക്കുന്നത്.

കേന്ദ്ര സിലബസിൽ പഠിക്കുന്ന വിദ്യാർഥികളെ കായിക മേഖലയിലേക്ക് ആകർഷിക്കാനും അവരിൽ നിന്നും മികച്ച താരങ്ങളെ കണ്ടെത്തുന്നതിനുമുള്ള വേദിയാണ് സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിന്റെ സഹകരണത്തോടുകൂടി നടത്തുന്ന മീറ്റ് എന്ന് സംഘാടകസമിതി ജനറൽ കൺവീനറും നാഷണൽ കൗൺസിൽ ഓഫ് സി.ബി.എസ്.ഇ സ്‌കൂൾസ് സെക്രട്ടറി ജനറൽ ഡോ.ഇന്ദിരാ രാജൻ പറഞ്ഞു.

കായിക മന്ത്രി വി. അബ്ദുറഹിമാൻ രക്ഷാധികാരിയും സ്‌പോർട്‌സ് കൗൺസിൽ ഭാരവാഹികളും കൗൺസിൽ ഓഫ് സി.ബി.എസ്.ഇ സ്‌കൂൾസ് കേരള പ്രതിനിധികളും ഉൾപ്പെട്ട സംസ്ഥാനതല കമ്മിറ്റി സ്‌പോർട്‌സ് മീറ്റിന് വേണ്ടിയുള്ള എല്ലാവിധ സജീകരണങ്ങളും ചെയ്തു കഴിഞ്ഞതായി സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ പ്രസിഡൻറ് യു. ഷറഫലി അറിയിച്ചു