ഇന്ത്യൻ ഭരണഘടന വാഗ്ദാനം നൽകുന്ന നേർപാതി അവകാശം ഇന്ത്യാക്കാർക്ക് ഇന്നും അന്യമെന്ന് കേരള വനിതാ കമ്മിഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. തിരുവനന്തപുരം ജില്ലാ പഞ്ചായത്തുമായി ചേർന്ന് ”സ്ത്രീ ശാക്തീകരണവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും” എന്ന വിഷയത്തിൽ വനിതാ കമ്മിഷൻ നടത്തിയ ജില്ലാ സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷൻ അധ്യക്ഷ. സെമിനാറിനോട് അനുബന്ധിച്ച് ജില്ലാ പഞ്ചായത്ത് ഓഫീസിലെ ജെൻഡർ റിസോഴ്സ് സെന്ററും വനിതാ കമ്മിഷൻ അധ്യക്ഷ ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എ. ഷൈലജാ ബീഗം, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ വിളപ്പിൽ രാധാകൃഷ്ണൻ, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ എസ്. സുനിത, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ എം. ജലീൽ, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ വി.ആർ. സലൂജ എന്നിവർ സംസാരിച്ചു. സ്ത്രീ ശാക്തീകരണവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും എന്ന വിഷയം വനിതാ കമ്മിഷൻ റിസർച്ച് ഓഫീസർ എ.ആർ. അർച്ചന അവതരിപ്പിച്ചു.