കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ കുടുംബശ്രീ ട്രൈബല്‍ യൂത്ത് ക്ലബ്ബുകള്‍ക്കായി സംഘടിപ്പിച്ച ഫുട്‌ബോള്‍ ഫിയെസ്റ്റയില്‍ വിവ എഫ് സി കിടങ്ങില്‍ ചാമ്പ്യന്‍മാരായി. വിജയികള്‍ക്ക് സുല്‍ത്താന്‍ ബത്തേരി നഗരസഭാ ചെയര്‍മാന്‍ ടി കെ രമേശ് ട്രോഫി വിതരണം ചെയ്തു. നാല് സോണുകളില്‍ നിന്നായി അന്‍പത്തിയാറ് ടീമുകള്‍ മത്സരിച്ച ടൂര്‍ണമെന്റില്‍ കല്‍പ്പറ്റ സോണില്‍ നിന്നും ക്ലാസ്സിക് കണിയാമ്പറ്റയും പനമരം സോണില്‍ നിന്നും പതഞ്ജലി പനമരവും മാനന്തവാടി സോണില്‍ നിന്നും ചാലഞ്ചേഴ്‌സ് മാനന്തവാടിയും സുല്‍ത്താന്‍ ബത്തേരി സോണില്‍ നിന്നും വിവ കിടങ്ങിലും ചാമ്പ്യന്‍മാരായിരുന്നു.

പട്ടിക വര്‍ഗ്ഗ മേഖലയിലെ യുവജനങ്ങളുടെ കായിക ശേഷിയെ പരിപോഷിപ്പിക്കുന്നതിനായി ജില്ലയില്‍ കുടുംബശ്രീ രൂപീകരിച്ച യൂത്ത് ക്ലബ്ബുകള്‍ക്കായാണ് മൂന്ന് ദിവസങ്ങളിലായി മത്സരം സംഘടിപ്പിച്ചത്. ടൂര്‍ണമെന്റിലെ മികച്ച കളിക്കാരന്‍ ആയി ഫ്‌ലൈ എഫ് സി കണിയാമ്പറ്റയുടെ എസ്.സനിലിനെയും ഗോള്‍ കീപ്പര്‍ ആയി വിവ എഫ് സി കിടങ്ങലിന്റെ പി അജയ് യെയും മികച്ച പ്രതിരോധ താരമായി സോഡിയാക് പൊഴുതനയുടെ എസ് നിതിനെയും തിരഞ്ഞെടുത്തു.

സമാപന ചടങ്ങില്‍ നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ എല്‍സി പൗലോസ്, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സാലി പൗലോസ്, ഡി എഫ് എ സെക്രട്ടറി ബിനു തോമസ് സി ഡി എസ് ചെയര്‍പേഴ്‌സണ്‍ സുപ്രിയ അനില്‍കുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.