തൃശ്ശൂർ ജില്ല പൂർണ്ണമായി അതിദാരിദ്ര്യനിർമാർജനം നടപ്പാക്കിയെന്ന് പട്ടികജാതി, പട്ടികവർഗ്ഗ പിന്നോക്ക വിഭാഗ വികസന, ദേവസ്വം, പാർലമെന്ററി കാര്യവകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. വരവൂർ ഗ്രാമപഞ്ചായത്തിലെ 31 അതിദാരിദ്ര്യർക്കുള്ള അവശ്യസാധനങ്ങളുടെയും ഭക്ഷ്യകിറ്റിന്റെയും വിതരണ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ജില്ലയിലെ അതിദാരിദ്രരുടെ കണക്കെടുത്ത് ഘട്ടം ഘട്ടമായുള്ള പ്രവർത്തനത്തിലൂടെയാണ് അതിദാരിദ്ര്യനിർമാർജനം സാധ്യമാക്കിയതെന്നു മന്ത്രി പറഞ്ഞു.

വരവൂർ ഗ്രാമപഞ്ചായത്തിലെ അതിദരിദ്രർക്കായി ഭവന പുനരുദ്ധാരണ പദ്ധതി, മരുന്ന്, ആവശ്യ രേഖകൾ, ആധാർ കാർഡ്, റേഷൻ കാർഡ്, ഭിന്നശേഷിക്കാർക്ക് തിരിച്ചറിയൽ കാർഡ്, പെൻഷൻ എന്നിവ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ലഭ്യമാക്കി. അത്താണി ഡെവലപ്മെൻറ് പ്ലോട്ട് മാനുഫാക്ചേഴ്സ് അസോസിയേഷൻ്റെ സഹായത്തോടെ 31 കുടുംബങ്ങൾക്ക് 19 ഇനങ്ങളുള്ള ഭക്ഷ്യകിറ്റ് മന്ത്രി വിതരണം ചെയ്തു.

വരവൂർ വനിതാ പരിശീലന കേന്ദ്രത്തിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി സുനിത അദ്ധ്യക്ഷയായി. ജില്ലാ കലക്ടർ വി ആർ കൃഷ്ണ തേജ, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വി നഫീസ എന്നിവർ വിശിഷ്ടാതിഥികളായി.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കെ ബാബു, ജില്ലാ വ്യവസായ കേന്ദ്രം ഓഫീസർ എസ് ഷീബ, ജില്ലാ പഞ്ചായത്ത് അംഗം പി സാബിറ, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി ജി ദീപു പ്രസാദ്, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി കെ യശോദ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വിമല പ്രഹ്ലാദൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി എ ഹിദായത്തുള്ള,ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രീതി ഷാജു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി സക്കീന, എം ബീവാത്തുകുട്ടി, വി കെ സേതുമാധവൻ, പി എസ് പ്രദീപ്, കെ ജിഷ, വി ടി സജീഷ്, പി കെ അനിത, ആത്മ പ്രസിഡന്റ് കെ എ സൈമൺ, ആത്മ സെക്രട്ടറി എം പി വിഷ്ണുപ്രസാദ്, വരവൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഇ എൻ ഹരിനാരായണൻ, അസിസ്റ്റന്റ് സെക്രട്ടറി എം കെആൽഫ്രഡ് എന്നിവർ പങ്കെടുത്തു.