ലഹരിയുടെ ചതിക്കുഴികൾ ഓർമപ്പെടുത്തി ജില്ലയിലെ സ്‌കൂളുകളിൽ നടത്തിയ ‘തടവറ പണിയുന്നവർ’ പാവനാടക പ്രദർശനം സമാപിച്ചു. ജനുവരി എട്ട് മുതൽ ജില്ലയിലെ വിവിധ സ്‌കൂളുകളിൽ നടത്തിയ പ്രദർശനത്തിന്റെ സമാപന സമ്മേളനം കോട്ടപ്പടി ഗവ. എൽ.പി സ്‌കൂളിൽ ജില്ലാ കളക്ടർ വി.ആർ വിനോദ് ഉദ്ഘാടനം ചെയ്തു. ലഹരിയുടെ  ചതിക്കുഴികളിൽ നിന്നും അകന്ന് നിൽക്കാൻ വിദ്യാർഥികൾക്ക് കഴിയണമെന്ന് ജില്ലാ കളക്ടർ പറഞ്ഞു.

ലഹരി ഉപയോഗം മനുഷ്യരെ നശിപ്പിക്കും. ഉപയോഗത്തിൽ നിന്നും സ്വയം മാറി നിൽക്കാനും സുഹൃത്തുക്കളെ പിന്തിരിപ്പിക്കാനും കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ലഹരി വിരുദ്ധ ചുമർച്ചിത്ര മത്സരത്തിൽ ആദ്യ മൂന്ന് സ്ഥാനം നേടിയ ജി.എച്ച്.എസ്.എസ് വാഴക്കാട്, ഓട്ടം പബ്ലിക് സ്‌കൂൾ വണ്ടൂർ, ജി.എച്ച്.എസ്.എസ് തുവ്വൂർ എന്നിവർക്ക് കളക്ടർ ഉപഹാരം നൽകി.
ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ വൈ. ഷിബു അധ്യക്ഷത വഹിച്ചു.

വിമുക്തി മിഷൻ മാനേജർ ജിജു ജോസ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിമുക്തി മിഷൻ കോഡിനേറ്റർ ഗാഥ എം ദാസ്, സ്‌കൂൾ പ്രധാനധ്യാപിക വി.ടി ഉഷ, പി.ടി.എ പ്രസിഡന്റ് സി.കെ റിയാസ്, എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഇ ജിനീഷ് എന്നിവർ സംസാരിച്ചു.