സംസ്ഥാന സർക്കാരും കായിക വകുപ്പും ചേർന്ന് സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ സ്പോർട്സ് സമ്മിറ്റിന്റെ ഭാഗമായി കാസർകോടുനിന്നും തിരുവനന്തപുരം വരെ നടത്തുന്ന ടൂർ ഡി കേരള സൈക്ലത്തോണിന് കോഴിക്കോട് സ്വീകരണം നൽകി.
ടൂർ ഡി കേരള സൈക്ലത്തോണിനെ ജില്ലാ അതിർത്തിയായ അഴിയൂരിൽ സ്വീകരിച്ച് വടകര പുതിയ ബസ്റ്റാൻ്റ്, കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയം എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം മാനാഞ്ചിറയിൽ സമാപിച്ചു.
ജനുവരി 12 ന് കാസർഗോഡ് നിന്നും ആരംഭിച്ച സൈക്ലത്തോൺ വിവിധ ജില്ലകളിലെ പ്രധാന സ്ഥലങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങും. പത്തു ദിവസത്തെ സൈക്ലത്തോൺ പര്യടനം ജനുവരി 22ന് തിരുവനന്തപുരത്ത് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ അവസാനിക്കും. ഈ മാസം 23 മുതൽ 26 വരെ തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്പോർട്സ് ഹബിൽ നടക്കുന്ന അന്താരാഷ്ട്ര കായിക ഉച്ചകോടിയുടെ മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് സൈക്ലത്തോൻ സംഘടിപ്പിക്കുന്നത്.
സ്വീകരണ കേന്ദ്രങ്ങളിൽ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് ഒ.രാജഗോപാൽ, സെക്രട്ടറി പ്രപു പ്രേമനാഥ്, വൈസ് പ്രസിഡൻ്റ് ഡോ. റോയി വി ജോൺ, എക്സിക്യൂട്ടീവ് അംഗങ്ങളായ പ്രേമരാജൻ, ഇ കോയ, വിവിധ സ്പോട്സ് അസോസിയേഷൻ ഭാരവാഹികൾ, കായിക താരങ്ങൾ തുടങ്ങിയവർ പങ്കെടുത്തു