ഉദിനൂർ കൂലോം കുളം നാടിന് സമർപ്പിച്ചു
2016ൽ സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ച് നവീകരിച്ച ഉദിനൂർ കൊട്ടാരം ജില്ലാതലത്തിൽ ചരിത്രസ്മാരകമാക്കുന്നതിന് നടപടികൾ സ്വീകരിക്കുമെന്ന് രജിസ്ട്രേഷൻ മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ഇതിനായി വകുപ്പ് തലത്തിൽ പ്രാഥമിക പഠനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. അമൃത് സരോവർ പദ്ധതിയിൽ ഉൾപ്പെടുത്തി പടന്ന ഗ്രാമ പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിലൂടെ പുനർ നിർമിച്ച ഉദിനൂർ കൂലോം കുളം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാടിന്റെ വികസന പ്രവർത്തനങ്ങളിൽ ജനകീയ പങ്കാളിത്തവും സഹകരണവും അനിവാര്യമാണ്. മതസാഹോദര്യവും മതസൗഹാർദവുമാണ് വർത്തമാന കാലത്ത് ആവശ്യം. അതിന്റെ അനുഭവ സാക്ഷ്യമാണ് കൂലോം കുളമെന്നും അദ്ദേഹം പറഞ്ഞു.
എം രാജഗോപാലൻ എം.എൽ എ അധ്യക്ഷത വഹിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം മനു, പടന്ന ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി ബുഷ്റ, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എം സുമേഷ്, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.രതില, പടന്ന ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ പി വി അനിൽകുമാർ , ടി കെ പി ഷാഹിദ, പടന്ന ഗ്രാമപഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി സി വി വിനോദ് കുമാർ , കെ.പി സുനിൽ കുമാർ , കാസർകോട് വികസന പാക്കേജ് മുൻ സ്പെഷൽ ഓഫീസറും നിർമ്മിതി കേന്ദ്ര ജനറൽ മാനേജർ ഇ. പി രാജ്മോഹൻ , രാഷ്ട്രീയപാർട്ടി പ്രതിനിധികളായ സി കുഞ്ഞി കൃഷ്ണൻ, കെ വി രവീന്ദ്രൻ , ടിപി മുത്തലിബ്, കെ വി ഗോപാലൻ, ടിവി ഷിബിൻ , റസാക്ക് പുഴക്കര , സി.ഡി.എസ് ചെയർപേഴ്സൺ സി .റീന, പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയർമാൻ അസൈനാർ കുഞ്ഞി എന്നിവർ സംസാരിച്ചു. പടന്ന ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.വി മുഹമ്മദ് അസ്‌ലം സ്വാഗതവും പഞ്ചായത്ത് അംഗം എം രാഘവൻ നന്ദിയും പറഞ്ഞു.
ഉദിനൂർ കൂലോം കുളത്തിന്റെ പുനർ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ മെറ്റീരിയൽ കരാറുകാരൻ എം.വി കുഞ്ഞിക്കോരൻ , റിട്ടയേർഡ് എഞ്ചിനീയർ എ മാധവൻ, പടന്ന ഗ്രാമ പഞ്ചായത്ത് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി ജീവനക്കാർ എന്നിവർക്ക് മന്ത്രി ഉപഹാരം നൽകി.
ഉദിനൂർ കൂലോം കുളം ; സഞ്ചാരികൾക്ക് പ്രിയമേറും
1.09 കോടി രൂപ ചെലവിൽ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിലൂടെ പടന്ന ഗ്രാമ പഞ്ചായത്ത് പുനർ നിർമിച്ച ഉദിനൂർ കൂലോം കുളം വിനോദ സഞ്ചാരികളുടെ ഇഷ്ട ഇടമാവും. ചരിത്ര പ്രസിദ്ധമായ ഉദിനൂർ ക്ഷേത്രപാലക ക്ഷേത്രത്തിന് സമീപം കൊളവയൽ പാടശേഖരത്തിൽ 40 സെന്റിൽ പരന്ന് കിടക്കുന്ന കുളം മികച്ച കാഴ്ച അനുഭവമാണ് സമ്മാനിക്കുന്നത്. 200 വർഷം പഴക്കമുള്ള കുളത്തിൽ വേനൽക്കാലത്തും വെള്ളം നിറഞ്ഞ് നിൽക്കും . നാശത്തിന്റെ വക്കിലെത്തിയ കുളത്തെ അമൃത് സരോവർ പദ്ധതിയിൽ ഉൾപ്പെടുത്തി പ നവീകരിക്കാൻ തയ്യാറെടുത്തത്. 4 മീറ്ററോളം ആഴമുള്ള കുളത്തിന് 20 ലക്ഷം ലിറ്റർ സംഭരണ ശേഷിയുണ്ട്. കുളം നവീകരിച്ചതിലൂടെ പരിസരത്തുള്ള ഏക്കർ കണക്കിന് സ്ഥലത്ത് നെൽകൃഷിയും ഇടവിളകൃഷിയായി പച്ചക്കറിക്കൃഷിയും ചെയ്യാനാവും. കുട്ടികൾക്ക് നീന്തൽ പരിശീലനത്തിനും നാട്ടുകാർക്ക് പ്രഭാത , സായാഹ്ന സവാരികൾക്കും കുളവും പരിസരവും ഉപയോഗിക്കാം. വേനൽകാലത്ത് കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന പഞ്ചായത്തിലെ മറ്റ് സ്ഥലങ്ങളിലേക്ക് വെള്ളം വിതരണം ചെയ്യാനും കുളം ഉപയോഗപ്പെടുത്താനാവും.