അരുവിക്കര മണ്ഡലത്തിൽ എ.എ റഹിം എം.പിയുടെ പ്രദേശിക വികസന ഫണ്ടിൽ നിന്നും പാലവും അങ്കണവാടി-തയ്യൽ യൂണിറ്റ് മന്ദിരവും പണിയുന്നു. വിതുര ഗ്രാമപഞ്ചായത്തിലെ മൊട്ടമൂട് ആദിവാസി മേഖലയിലെ മൊട്ടമൂട് -ഇടമൺപുറം പാലത്തിന്റെയും തൊളിക്കോട് ഗ്രാമപഞ്ചായത്തിലെ ചെട്ടിയാംപാറ സെറ്റിൽമെന്റ് അങ്കണവാടി-തയ്യൽ യൂണിറ്റ് മന്ദിരത്തിന്റെയും നിർമാണോദ്ഘാടനം എ. എ റഹീം എം. പി. നിർവഹിച്ചു.

എം.പി ഫണ്ടിൽ നിന്നും 41 ലക്ഷം രൂപ വിനിയോഗിച്ചാണ് മൊട്ടമൂട് -ഇടമൺപുറം പാലം നിർമിക്കുന്നത്. ചെട്ടിയാംപാറ സെറ്റിൽമെന്റ് അങ്കണവാടി-തയ്യൽ യൂണിറ്റ് മന്ദിരത്തിന്റെയും നിർമാണത്തിനായി 20 ലക്ഷം രൂപയാണ് എം.പി ഫണ്ടിൽ നിന്നും അനുവദിച്ചത്. ഹാൾ , കിച്ചൻ, തയ്യൽ യൂണിറ്റ്, രണ്ട് ടോയ്‌ലറ്റ് ബ്ലോക്ക് എന്നിവ കെട്ടിടത്തിൽ ഉണ്ടാകും. ജി സ്റ്റീഫൻ എം.എൽ.എ ചടങ്ങുകളിൽ അധ്യക്ഷനായിരുന്നു.

തൊളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ജെ സുരേഷ്, വിതുര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷ ജി. ആനന്ദ് മറ്റ് പഞ്ചായത്തംഗങ്ങൾ എന്നിവരും പങ്കെടുത്തു.