2.26 കോടി രൂപ ചെലവഴിച്ചു പൂർത്തിയാക്കിയ കുലശേഖരമംഗലം ഹയർ സെക്കൻഡറി സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം പൊതു വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു. പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി വിദ്യാകിരണം പദ്ധതിയിൽപ്പെടുത്തി 7707 ചതുരശ്ര അടിയിലാണ് പുതിയ കെട്ടിടം നിർമിച്ചത്. നാലു ക്ലാസ് മുറികളും ഒരു സ്റ്റാഫ് റൂം പ്രിൻസിപ്പലിന്റെ മുറിയും അടങ്ങുന്നതാണ് ഹയർ സെക്കൻഡറി വിഭാഗത്തിലെ പുതിയ കെട്ടിടം.
പൊതുവിദ്യാഭ്യാസമേഖലയിൽ സമഗ്ര പരിഷ്‌കരണമാണ് സർക്കാർ ലക്ഷ്യമിടുന്നത്. അതിന്റെ ഭാഗമായാണ് സിലബസ് അടക്കമുള്ളവ പരിഷ്‌കരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. പുതിയ അധ്യയനവർഷം ആരംഭിക്കുന്നതിന് ഒരുമാസം മുമ്പ് പഴയ സിലബസിലുള്ള പാഠപുസ്തകങ്ങളും രണ്ടാഴ്ച മുമ്പ് പുതിയ സിലബസിലുള്ള പാഠപുസ്തകങ്ങളും ലഭ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു.
തീക്ഷ്ണമായ മുന്നേറ്റങ്ങളിലൂടെയാണ് സാർവത്രിക വിദ്യാഭ്യാസം സാധ്യമായത്. എല്ലാവരേയും ഉൾക്കൊള്ളുന്ന സാർവത്രിക വിദ്യാഭ്യാസമാണ് സർക്കാർ ലക്ഷ്യമിടുന്നത്. സ്‌കൂളുകളുടെ അടിസ്ഥാനസൗകര്യവികസനത്തിനുവേണ്ടി ആവുന്നത്ര സഹായം ചെയ്തുകൊടുക്കണമെന്നാണ് സർക്കാർ നിലപാടെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ സി. കെ. ആശ എം.എൽ.എ. ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു മുഖ്യാതിഥിയായി. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. രഞ്ജിത്ത്, മറവൻതുരുത്ത് ആക്ടിങ് പ്രസിഡന്റ് വി.ടി. പ്രതാപൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സുകന്യ സുകുമാരൻ പി.കെ.ആനന്ദവല്ലി, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പി.എസ്. പുഷ്പമണി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ. സലില, ബ്ലോക്ക് പഞ്ചായത്തംഗം രേഷ്മ പ്രവീൺ, ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ബിന്ദു പ്രദീപ്, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ സീമ ബിനു, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ബി. ഷിജു, പ്രിൻസിപ്പൽ എൻ. അനിത, എന്നിവർ പങ്കെടുത്തു.