ഇനിയും അടിസ്ഥാനസൗകര്യവികസനത്തിന് ഫണ്ട് ആവശ്യമായ സ്‌കൂളുകൾക്ക് കൂടുതൽ ഫണ്ട് അനുവദിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി.  1.18 കോടി പതിനെട്ട് ലക്ഷം രൂപ ചെലവഴിച്ചു നിർമിച്ച വെച്ചൂർ ഗവൺമെന്റ് ദേവീ വിലാസം ഹയർ സെക്കൻഡറി സ്‌കൂളിന്റെ പുതിയ കെട്ടിട ഉദ്ഘാടനം നിർവഹിച്ചുകൊണ്ടു പ്രസംഗിക്കുകയായിരുന്നു മന്ത്രി.

സ്‌കൂളുകളിൽ ഭിന്നശേഷി സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും പൈതൃക കെട്ടിടങ്ങൾ സംരക്ഷിക്കുന്നതിനും നിരാലംബരായ കുട്ടികൾക്ക് ഹോസ്റ്റൽ സൗകര്യം ഒരുക്കുന്നതിനും മുൻഗണന നൽകും. മാലിന്യമുക്ത നവകേരളത്തിന്റെ ഭാഗമായി സ്‌കൂളുകളിൽ കാര്യക്ഷമമായ മാലിന്യ സംസ്‌കരണപ്രവർത്തനങ്ങൾ ആരംഭിക്കും. അതിദരിദ്രരായ കുട്ടികൾക്കുള്ള പിന്തുണ ഉറപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

ലിംഗസസമത്വം, മതേതരത്വം, ജനാധിപത്യം തുടങ്ങിയ മൂല്യങ്ങൾ പാഠപുസ്തകത്തിൽ ഉൾച്ചേർക്കും. ഭരണഘടനയുടെ ആമുഖവും മലയാളഅക്ഷരമാലയും ഇത്തവണത്തെ പാഠപുസ്തകങ്ങളിലുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

സി. കെ. ആശ എം.എൽ.എ. ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ബിന്ദു മുഖ്യപ്രഭാഷണം നടത്തി. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. രഞ്ജിത്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ഷൈലകുമാർ, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പി.എസ്. പുഷ്പമണി, ജില്ലാ പഞ്ചായത്തംഗം ഹൈമി ബോബി, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ വീണ അജി,സ്‌കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് ലാൽസൺ മാത്യൂ, സീനിയർ അധ്യാപകൻ പി.എ. ജയിൻകുമാർ, പി.ടി.എ.പ്രസിഡന്റ് എം.ആർ. ഷൈമോൻ എന്നിവർ പങ്കെടുത്തു.