ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം, സ്വീപ് എന്നിവയുടെ ആഭിമുഖ്യത്തില്‍ ദേശീയ സമ്മതിദാന ദിനമാചരിച്ചു. കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ ശ്രീനാരായണഗുരു ഓപ്പൺ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പി എം മുബാറക് പാഷ ഉദ്ഘാടനം ചെയ്തു. സമ്മതിദായകദിനമാചരിക്കുന്നതിലൂടെ ലോകത്തിന് തന്നെ മാതൃകയായകുകയാണ് രാജ്യമെന്ന് അദ്ദേഹം പറഞ്ഞു. പങ്കുചേരലാണ് സമ്മതിദാന അവകാശ വിനിയോഗത്തിലൂടെ സാധ്യമാകുന്നത്. ജനാധിപത്യം സാര്‍ഥമാകുന്നതിനായി വരുംതലമുറകളെല്ലാം വോട്ടെന്ന അവകാശം വിനിയോഗിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.വോട്ടവകാശം വിനിയോഗിക്കുന്നതിലൂടെ രാജ്യത്തിന്റെ ഭാവിനിര്‍ണയത്തിലെ പങ്കാളിത്തമാണ് ഉറപ്പിക്കാനാകുന്നതെന്ന് അധ്യക്ഷനായ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കലക്ടറുമായ എന്‍ ദേവിദാസ് പറഞ്ഞു. സബ്കലക്ടര്‍ മുകുന്ദ് ഠാക്കൂര്‍ മുഖ്യപ്രഭാഷണം നടത്തി. എ ഡി എം ആര്‍ ബീനാറാണി സമ്മതിദായക പ്രതിജ്ഞചൊല്ലി. ഡെപ്യൂട്ടി കലക്ടര്‍മാരായ ബി ജയശ്രീ, എഫ് റോയ് കുമാര്‍, ജിയൊ ടി മനോജ്, സ്വീപ് നോഡല്‍ ഓഫീസര്‍ ജി വിനോദ് കുമാര്‍, ശ്രീനാരായണ കോളജിലെ അധ്യാപിക നീതുലക്ഷ്മി തുടങ്ങിയവര്‍ സംസാരിച്ചു.ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ സ്‌കൂള്‍-കോളേജ് തല മത്സരവിജയികള്‍ക്കുള്ള ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു. തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ രേഖയുടെ വിതരണവും അനുബന്ധമായി നടത്തി. ആശ്രാമം നീലാംബരി ഓഡിറ്റോറിയത്തിന് മുന്നില്‍ ബോധവത്കരണ സൈക്കിള്‍റാലി സിറ്റി പൊലിസ് കമ്മിഷണര്‍ വിവേക് കുമാര്‍ ഫ്ലാഗ് ഓഫ് ചെയ്തു. കളക്ടറേറ്റ് വരെ സൈക്കിള്‍ ചവിട്ടി ജില്ലാ കലക്ടര്‍ റാലിക്ക് നേതൃത്വം നല്‍കി.