സംസ്ഥാന ജൂനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു

സംസ്ഥാനത്തെ കലാലയങ്ങളിൽ വിദ്യാർത്ഥികൾക്കെല്ലാവർക്കും കായിക പരിശീലനവും കായിക ക്ഷമതാ വർദ്ധനവും സാധ്യമാക്കുകയാണ് ലക്ഷ്യമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആർ ബിന്ദു പറഞ്ഞു. സംസ്ഥാന കബഡി ടെക്‌നിക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാണിയാട്ട് സംഘടിപ്പിച്ച സംസ്ഥാന ജൂനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി . വിദ്യാർഥികളുടെ കായിക ക്ഷമത വർധിപ്പിക്കാൻ കായിക അധ്യാപകരുടെ എണ്ണം വർദ്ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

അടുത്ത വർഷം മുതൽ നാല് വർഷ ബിരുദ കോഴ്സുകൾ നിലവിൽ വരുമ്പോൾ സ്കിൽ കോഴ്സുകൾക്ക് ക്രെഡിറ്റ് മാർക്ക് നൽകും. വിദ്യാർത്ഥികളുടെ കായിക മികവുകളെ സ്കില്ലിൽ ഉൾപ്പെടുത്തും. കായിക പരിശീലനത്തിന് പോകുന്ന വിദ്യാർഥികൾക്ക് ഗ്രേസ് മാർക്കിന് പുറമെ സ്കില്ലിൻ്റെ ഭാഗമായി ലഭിക്കുന്ന ക്രെഡിറ്റ് നേടാനാവും. ഇത് വിദ്യാർത്ഥികൾക്ക് ഹാജർ നഷ്ടപ്പെടാതിരിക്കാൻ സഹായകരമാകുമെന്നും മന്ത്രി ആർ ബിന്ദു പറഞ്ഞു.

എം രാജഗോപാലൻ എം.എൽ എ അധ്യക്ഷത വഹിച്ചു.ദ്രോണാചാര്യ അവാർഡ് ജേതാവ് ഇ ഭാസ്കരൻ, ഫോക്ലോലോർ അവാർഡ് ജേതാവ് വി.പി രാജൻ എന്നിവരെ മന്ത്രി ആദരിച്ചു.സിനിമാ താരം പി.പി കുഞ്ഞികൃഷ്ണൻ മാസ്റ്റർ മുഖ്യാതിഥിയായി.

പിലിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി പ്രസന്ന കുമാരി, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ എം മനു, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗം എം. വി സുജാത , പിലിക്കോട് ഗ്രാമ പഞ്ചായത്ത് അംഗം പി.കെ റഹീന , സംസ്ഥാന കബഡി ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ മുരളി ആണൂർ , ടെക്നിക്കൽ കമ്മിറ്റി പ്രതിനിധി ജഗദീശ് കുമ്പള , എന്നിവർ സംസാരിച്ചു.
സംഘാടക സമിതി ജനറൽ കൺവീനർ ടി.വി ബാലൻ സ്വാഗതവും വൈസ് ചെയർമാൻ സി നാരായണൻ നന്ദിയും പറഞ്ഞു.

തുടർന്ന് മത്സരത്തിനിറങ്ങിയ കൊല്ലം, തൃശ്ശൂർ,കോഴിക്കോട് , തിരുവനന്തപുരം കബഡി ടീം അംഗങ്ങളെ മന്ത്രി പരിചയപ്പെട്ടു.