അര്‍ജുന പുരസ്‌കാര ജേതാവ് ശ്രീശങ്കര്‍ മുരളി മുഖ്യാതിഥിയായി

തെരഞ്ഞെടുപ്പ് വിഭാഗം സംഘടിപ്പിച്ച പതിനാലാമത് ദേശീയ സമ്മതിദായക ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് കെ. മണികണ്ഠന്‍ നിര്‍വഹിച്ചു. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുക, വോട്ട് ചെയ്യേണ്ടതിന്റെ ആവശ്യകത എന്നിവ സംബന്ധിച്ച് എ.ഡി.എം വിശദീകരിച്ചു.

അര്‍ജുന പുരസ്‌കാര ജേതാവും ഏഷ്യന്‍ ഗെയിംസ് വെള്ളി മെഡല്‍ ജേതാവും ജില്ലാ സ്വീപ്പ് യൂത്ത് ഐക്കണുമായ ശ്രീശങ്കര്‍ മുരളി മുഖ്യാതിഥിയായി. യുവാക്കള്‍ ജനാധിപത്യത്തില്‍ വോട്ട് ചെയ്യാനുള്ള അധികാരം ഉപയോഗപ്പെടുത്തണമെന്നും വലിയ രീതിയിലുള്ള മാറ്റം ഉണ്ടാക്കാന്‍ വോട്ടിങ്ങിലൂടെ സാധിക്കുമെന്നും ശ്രീശങ്കര്‍ മുരളി പറഞ്ഞു. അസിസ്റ്റന്റ് കലക്ടറും സ്വീപ്പ് ജില്ലാ നോഡല്‍ ഓഫീസറുമായ ഒ.വി ആല്‍ഫ്രഡ് ശ്രീശങ്കര്‍ മുരളിയെ പൊന്നാട അണിയിച്ച് ആദരിച്ചു.


സ്വീപ്പിന്റെ ജില്ലയിലെ സംഗ്രഹ റിപ്പോര്‍ട്ട് അസിസ്റ്റന്റ് കലക്ടര്‍ അവതരിപ്പിച്ചു. ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ പി. സുനില്‍കുമാര്‍ ദേശീയ സമ്മതിദായക പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്വീപ് പരിപാടികളുമായി സഹകരിച്ച ഇലക്ട്രല്‍ ലിറ്ററസി ക്ലബുകളെ ആദരിക്കുകയും പുരസ്‌കാരം നല്‍കുകയും ചെയ്തു. ദേശീയ സമ്മതിദായക ദിനവുമായി ബന്ധപ്പെട്ട് നിലവില്‍ 18 വയസ് തികഞ്ഞ ഒരു ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും ഇലക്ഷന്‍ ഐ.ഡി കാര്‍ഡ് നല്‍കുന്നതിന്റെ ഭാഗമായി കൈലാസ് നാഥ്, ആന്‍ മറിയ ടോംസ് എന്നിവര്‍ക്ക് അസിസ്റ്റന്റ് കലക്ടര്‍ ഇലക്ഷന്‍ ഐ.ഡി കാര്‍ഡ് കൈമാറി.

പരിപാടിയുടെ ഭാഗമായി പാലക്കാട് മേഴ്‌സി കോളെജ് എന്‍.എസ്.എസ് യൂണിറ്റ് സംഘടിപ്പിച്ച ഫ്‌ളാഷ് മോബ്, പുത്തൂര്‍ സി.വി.എന്‍ കളരി സംഘം അവതരിപ്പിച്ച കളരിപ്പയറ്റ്, അഗളി ഐ.എച്ച്.ആര്‍.ഡിലെ വിദ്യാര്‍ത്ഥികളുടെ ഗോത്ര നൃത്തം എന്നിവ സംഘടിപ്പിച്ചു. പരിപാടിയില്‍ ഡെപ്യൂട്ടി കലക്ടര്‍മാരായ സച്ചിന്‍ കൃഷ്ണ, ജിനു പുന്നൂസ്, ഹുസൂര്‍ ശിരസ്തദാര്‍ രാജേന്ദ്രന്‍ പിള്ള, ഇലക്ഷന്‍ അസിസ്റ്റന്റ് പി.എ ടോംസ്, വകുപ്പ് ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു.