മുന്‍ഗണനാ വിഭാഗത്തിലേക്ക് റേഷന്‍ കാര്‍ഡ് മാറ്റുന്നതിന് നവകേരള സദസ്സ് മുമ്പാകെയും, 2023 ഒക്ടോബര്‍ 10 മുതല്‍ 30 വരെ ഓണ്‍ലൈനായും മുകുന്ദപുരം താലൂക്കില്‍ നിന്നും അപേക്ഷ സമര്‍പ്പിച്ചവരില്‍ ഏറ്റവും അര്‍ഹരായവര്‍ക്ക് ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു.

പ്രയാസകരമായ ജീവിത സാഹചര്യങ്ങളിലൂടെ കടന്നുപോകുന്നവര്‍ക്കാണ് മുന്‍ഗണന കാര്‍ഡുകള്‍ നല്‍കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. മുകുന്ദപുരം താലൂക്കില്‍ റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണന വിഭാഗത്തിലേക്ക് മാറ്റുന്ന പ്രക്രിയയുടെ ഒന്നാം ഘട്ടത്തില്‍ 100 കുടുംബങ്ങളില്‍ തിരഞ്ഞെടുക്കപ്പെട്ട 28 കുടുംബങ്ങള്‍ക്കാണ് റേഷന്‍ കാര്‍ഡ് നല്‍കുന്നത്. ബാക്കി കുടുംബങ്ങള്‍ക്ക് ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ കത്ത് കൈമാറി. അവര്‍ക്ക് ഉടനെ റേഷന്‍ കാര്‍ഡ് വിതരണം ചെയ്യും.

മുകുന്ദപുരം താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി വി ലത അധ്യക്ഷനായി. മുകുന്ദപുരം താലൂക്ക് സപ്ലൈ ഓഫീസര്‍ പി എ എല്‍ബി, ഇരിങ്ങാലക്കുട മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ ടി വി ചാര്‍ലി, മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി, കൗണ്‍സിലര്‍ സുഹറ, പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.