– നവീകരണം നടത്തിയത് സഹസ്ര സരോവർ പദ്ധതി രണ്ടാം ഘട്ടത്തിന്റെ ഭാഗമായി

കേരള ലാന്റ് ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ ലിമിറ്റഡ് 2022-23 ആന്വൽ പ്ലാനിൽ ഉൾപ്പെടുത്തിയ മാടക്കത്തറ ഗ്രാമപഞ്ചായത്തിലെ നവീകരിച്ച താണിക്കുടം ക്ഷേത്രകുളത്തിന്റെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ നിർവഹിച്ചു.

താണിക്കുടം പുഴ സംരക്ഷണത്തിൻ്റെ ഭാഗമായി 5 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് ഉദ്ഘാടന പ്രഭാഷണത്തിൽ മന്ത്രി പറഞ്ഞു. താണിക്കുടം പുഴയോട് ചേർന്നുള്ള താണിക്കുടം ക്ഷേത്രകുളം സഹസ്ര സരോവർ പദ്ധതി രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തിയാണ് നവീകരണ പ്രവർത്തികൾ നടത്തിയത്.

പദ്ധതിയ്ക്കായി 41.04 ലക്ഷം രൂപയാണ് വിനിയോഗിച്ചത്. പ്രതിവർഷം എത്തുന്ന പതിനായിരക്കണക്കിന് വിശ്വാസികളുടെയും പ്രദേശവാസികളുടെയും കാലങ്ങളായുള്ള ആവശ്യമായിരുന്നു താണിക്കുടം ക്ഷേത്രകുളത്തിന്റെ പുനരുദ്ധാരണം. കുളത്തിൻ്റെ ആഴം കൂട്ടൽ, സംരക്ഷണ ഭിത്തി നിർമ്മാണം, നടപ്പാത നിർമ്മാണം എന്നീ പ്രവൃത്തികളാണ് നടപ്പിലാക്കിയത്.

താണിക്കുടം ക്ഷേത്ര മൈതാനിയിൽ നടന്ന ചടങ്ങിൽ മാടക്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ മോഹനൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് സണ്ണി ചെന്നിക്കര, ജില്ലാ പഞ്ചായത്തംഗം പി.എസ് വിനയൻ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡണ്ട് ഡോ. സുദർശനൻ, കെ എൽ ഡി സി ചെയർമാൻ പി.വി സത്യനേശൻ, കെ എൽ ഡി സി എം.ഡി പി.എസ് രാജീവ്, മാടക്കത്തറ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ സാവിത്രി രാമചന്ദ്രൻ, കെ.പി പ്രശാന്ത്, പുഷ്പ ചന്ദ്രൻ, വാർഡ് മെമ്പർ വി.എസ് സുഗേഷ്, ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.