ആദ്യഘട്ടത്തിൽ വെസ്റ്റ്ഹിൽ-രാമനാട്ടുകര, ബീച്ച്-മെഡിക്കൽ കോളേജ് എന്നീ രണ്ട് കോറിഡോറുകൾ

കോഴിക്കോട് നഗരത്തിന് മെട്രോ റെയിൽ ഗതാഗത സംവിധാനം വേണമെന്ന് നഗരത്തിന്റെ സമഗ്ര മൊബിലിറ്റി പ്ലാൻ സംബന്ധിച്ച് ശനിയാഴ്ച ചേർന്ന സ്റ്റേക്ക്ഹോൾഡർമാരുടെ രണ്ടാമത് യോഗം അഭിപ്രായപ്പെട്ടു.

പലമടങ്ങ് വർധിച്ചുവരുന്ന തിരക്ക്, അതിവേഗ നഗരവൽക്കരണം, വാഹനങ്ങളുടെ പെരുപ്പം എന്നിവ കണക്കിലെടുത്ത്
നഗരത്തിന് മെട്രോ ഗതാഗത സംവിധാനം ഒഴിവാക്കാനാവാത്തതാണ്. എന്നാൽ ലൈറ്റ് മെട്രോ ആണോ അനുയോജ്യം എന്ന കാര്യം പിന്നീട് തീരുമാനിക്കും.

വിവിധ ഘട്ടങ്ങളിലായി വിഭാവനം ചെയ്യുന്ന മെട്രോയുടെ ആദ്യഘട്ടത്തിൽ ആകെ 27.1 കിലോമീറ്റർ നീളമുള്ള രണ്ട് കോറിഡോർ ആണുള്ളത്; വടക്കുഭാഗത്തെയും തെക്കുഭാഗത്തെയും ബന്ധിപ്പിക്കുന്ന വെസ്റ്റ്ഹിൽ മുതൽ രാമനാട്ടുകര വരെ 19 കിലോമീറ്ററും കിഴക്കു ഭാഗത്തെയും പടിഞ്ഞാറു ഭാഗത്തെ യും ബന്ധിപ്പിക്കുന്ന ബീച്ച് മുതൽ മെഡിക്കൽ കോളേജ് വരെയുള്ള 8.1 കിലോമീറ്റർ ദൂരവും.

കോഴിക്കോട് സമഗ്ര മൊബിലിറ്റി പ്ലാനിന്റെ കരട് റിപ്പോർട്ടിൻമേലുള്ള ചർച്ചയാണ് പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ്‌ റിയാസ്, വനം മന്ത്രി എ കെ ശശീന്ദ്രൻ എന്നിവരുടെ സാന്നിധ്യത്തിൽ ശനിയാഴ്ച നടന്നത്.

രാജ്യത്തെ ഏറ്റവും വേഗത്തിൽ നഗരവൽക്കരണം നടക്കുന്ന നഗരങ്ങളിൽ ഒന്നാണ് മിനി മുംബൈ എന്നറിയപ്പെടുന്ന കോഴിക്കോടെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് എം.ഡി ലോകനാഥ് ബെഹ്റ ചൂണ്ടിക്കാട്ടി.”കോഴിക്കോടിന് മാസ്സ് റാപ്പിഡ് ട്രാൻസ്പോർട്ട് സംവിധാനം അനുപേക്ഷണീയമാണ്. പരമ്പരാഗത മെട്രോ വേണോ അതോ ലൈറ്റ് മെട്രോ മതിയോ എന്ന കാര്യം ട്രാഫിക് സർവേ നടത്തി കൂടുതൽ ഡാറ്റ പരിശോധിച്ചശേഷമേ തീരുമാനിക്കാൻ പറ്റൂള്ളൂ.
കോഴിക്കോട് സിറ്റി മാസ്റ്റർ പ്ലാൻ, സമഗ്ര മൊബൈലിറ്റി പ്ലാൻ എന്നിവയുമായി ഏകോപിപ്പിച്ചായിരിക്കും മെട്രോ പദ്ധതി,” ബെഹ്‌റ വിശദീകരിച്ചു. എലിവേറ്റഡ് രീതിയിലാണ് മെട്രോ വരുന്നതെങ്കിൽ
സ്റ്റേഷനുകൾ നിർമ്മിക്കാനായിരിക്കും പ്രധാനമായും സ്ഥലം ഏറ്റടുക്കേണ്ടി വരികയെന്നും ബെഹ്‌റ ചൂണ്ടിക്കാട്ടി.

മെട്രോ റെയിൽ ഗതാഗത സംവിധാനത്തിന് സാമൂഹിക പ്രസക്തിയുണ്ടെന്നും നമുക്ക് മാറിനിൽക്കാനാവില്ലെന്നും മേയർ ബീന ഫിലിപ്പ് പറഞ്ഞു. “ഇതോടനുബന്ധിച്ച് സർക്കുലർ ബസ് സർവീസുകൾ, നിലവിലെ സിറ്റി ബസ് സർവീസുകളുടെ പുനർവിന്യാസം, നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിൽ പാർക്കിംഗ് ഇടങ്ങൾ ഒരുക്കൽ എന്നിങ്ങനെ സമഗ്ര പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്. പദ്ധതി വരുമ്പോൾ കുടിയൊഴിപ്പിക്കേണ്ടി വരുന്നവരുടെ പുനരധിവാസം കുറ്റമറ്റ രീതിയിൽ നടപ്പാക്കേണ്ടതുണ്ട്,” മേയർ വിശദീകരിച്ചു.

ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്ന റൂട്ടുകൾ, തിരക്കേറിയ സ്ഥലങ്ങൾ എന്നിവ പരിശോധിച്ചശേഷമാണ്
രണ്ട് കോറിഡോറുകൾ തീരുമാനിച്ചതെന്ന് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിങ് പറഞ്ഞു.
കരട് നിർദ്ദേശം കോർപ്പറേഷനിൽ ചർച്ച ചെയ്ത് പാസാക്കിയ ശേഷം സംസ്ഥാന സർക്കാരിന്റെ അംഗീകാരത്തിനും തുടർന്ന് കേന്ദ്ര അംഗീകാരത്തിനും സമർപ്പിക്കും. ഇതിന് ഏഴ് മാസം സമയമെടുക്കും. തുടർന്ന് വിശദപദ്ധതിരേഖ തയാറാക്കും,” കളക്ടർ കൂട്ടിച്ചേർത്തു. 50 മുതൽ 60 വർഷം വരെയുള്ള കോഴിക്കോടിന്റെ വികസനം മുൻകൂട്ടി കണ്ടാണ് പദ്ധതി തയ്യാറാക്കുന്നതെന്ന് കളക്ടർ വ്യക്തമാക്കി.

വെസ്റ്റ്ഹിൽ-നടക്കാവ് മീഞ്ചന്ത-ചെറുവണ്ണൂർ- രാമനാട്ടുകര എങ്ങനെയാണ് വെസ്റ്റ്ഹിൽ മുതൽ രാമനാട്ടുകര വരെയുള്ള കോറിഡോർ. മെഡിക്കൽ കോളേജ്- തൊണ്ടയാട്-ബീച്ച് എന്നിങ്ങനെയാണ് രണ്ടാമത്തെ കോറിഡോർ.

യോഗത്തിൽ സിറ്റി പോലീസ് കമ്മീഷണർ രാജ്പാൽ മീണ, സബ് കളക്ടർ ഹർഷിൽ ആർ മീണ, ഡി.സി.പി അനൂജ് പലിവാൾ, കൊച്ചി മെട്രോ റെയിൽ ഡയറക്ടർ (പ്രൊജക്ടസ്) എം പി രാംനവാസ്, സീനിയർ ഡെപ്യൂട്ടി ജനറൽ മാനേജർ ഗോകുൽ ടി ജി തുടങ്ങിയവർ സംസാരിച്ചു.