രണ്ടാംവിള സംഭരണത്തിന് രജിസ്ട്രേഷന്‍ ആരംഭിച്ചു

ജില്ലയില്‍ നെല്ല് സംഭരണം ഊർജ്ജിതം. ഒന്നാംവിള സീസണില്‍ ഇതുവരെ 5504.447 മെട്രിക് ടണ്‍ നെല്ല് സംഭരിച്ചു. 220 കര്‍ഷകരില്‍ നിന്നായി സപ്ലൈകോയാണ് നെല്ല് സംഭരിക്കുന്നത്. ജില്ലയിലെ നെല്ല് സംഭരിക്കാന്‍ 55 മില്ലുകളാണ് കരാറിലേര്‍പ്പെട്ടത്. കര്‍ഷകര്‍ക്കുള്ള സംഭരണ വില എസ്.ബി.ഐ, കനാറ ബാങ്കുകള്‍ മുഖേന പി.ആര്‍.എസ് വായ്പയായി നല്‍കും.

കര്‍ഷകര്‍ക്ക് താത്പര്യമുള്ള ബാങ്ക് തെരെഞ്ഞെടുത്ത് സാങ്കേതിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സംഭരണ വില കൈപ്പറ്റാം. കര്‍ഷകരുടെ പട്ടിക ബാങ്കുകള്‍ക്ക് കൈമാറിയിട്ടുണ്ട്. ഒരു കിലോ നെല്ലിന് 28.32 രൂപയാണ് സപ്ലൈകോ നല്‍കുന്നത്. വിപണിയില്‍ താഴ്ന്ന നിരക്കിലാണ് നെല്ല് സംഭരിക്കുന്നത്. ജില്ലയിലെ ഒന്നാം വിള നെല്ല് സംഭരണം മാര്‍ച്ച് അവസനത്തോടെ പൂര്‍ത്തിയാകുമെന്ന് പാഡി മാർക്കറ്റിംഗ് ഓഫീസർ അറിയിച്ചു. രണ്ടാംവിള നെല്ല് സംഭരണത്തിന്റെ രജിസ്ട്രേഷന്‍ തുടങ്ങി.