മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമിയുടെ ദശവാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘ഗാന്ധി ജീവിതം ഫോട്ടോകളിലൂടെ’ പ്രദർശനം ഇന്ന് (ഫെബ്രുവരി ആറ്) അക്കാദമി ഓഡിറ്റോറിയത്തിൽ ആരംഭിക്കും. പ്രദർശനം നടക്കുന്ന ദിവസങ്ങളിൽ ഗാന്ധിജിയുടെ ജീവിതത്തെ ആസ്പദമാക്കി വിഖ്യാത ചലച്ചിത്രക്കാരൻ റിച്ചാർഡ് അറ്റൻബറോ സംവിധാനം ചെയ്തിട്ടുള്ള ‘ഗാന്ധി’ സിനിമ അക്കാദമിയിലെ ടി.എ റസാക്ക് തിയേറ്ററിൽ പ്രദർശിപ്പിക്കും. പ്രദർശനങ്ങൾ ഫെബ്രുവരി 11ന് സമാപിക്കും.

ഗാന്ധിജിയുടെ ജീവിതത്തിലെ വ്യത്യസ്ത സന്ദർഭങ്ങളിൽ എടുത്തിട്ടുള്ളതും ഗിന്നസ് റെക്കോർഡ് ജേതാവ് സലീം പടവണ്ണയുടെ ശേഖരത്തിൽ ഉൾപ്പെട്ടവയുമായ ആയിരത്തോളം ഫോട്ടോകൾ ഉപയോഗിച്ചാണ് പ്രദർശനം ഒരുക്കിയിട്ടുള്ളത്. അക്കാദമിയിലെ ചരിത്ര സാംസ്‌കാരിക മ്യൂസിയം, മലബാർ സമരം ഫോട്ടോ ഗാലറി, കൊണ്ടോട്ടി നേർച്ച ഫോട്ടോ ഗാലറി എന്നിവ കാണുന്നതിനുള്ള പാസ് ഉപയോഗിച്ച് തന്നെ ഫോട്ടോ പ്രദർശനവും കാണാൻ അവസരം ലഭിക്കും. സിനിമ പ്രദർശനത്തിനുള്ള പാസ് ലഭിക്കാൻ 7034 791806 എന്ന നമ്പറില്‍ ബന്ധപ്പെടണം.