പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്തിൽ കുടുംബശ്രീവഴി ചെറുകിട സംരംഭങ്ങൾ ആരംഭിക്കുന്നു. കേന്ദ്ര ഗ്രാമ വികസന മന്ത്രാലയവും സംസ്ഥാന സർക്കാരും കുടുംബശ്രീ വഴി സ്റ്റാർട്ടപ്പ് വില്ലേജ് എന്റർപ്രണർഷിപ്പ് പ്രോഗ്രാമിലൂടെയാണ് (എസ്.വി.ഇ.പി) പദ്ധതി നടപ്പാക്കുന്നത്. 2,400 സംരംഭങ്ങൾ തുടങ്ങാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

ഗ്രാമീണ സംരംഭ വികസനത്തിന് ഒരു നൂതന പദ്ധതിയാണ് സ്റ്റാർട്ടപ്പ് വില്ലേജ് എന്റർപ്രണർഷിപ്പ് പ്രോഗ്രാം. ഗ്രാമീണ മേഖലയിൽ പ്രാദേശിക വിഭവങ്ങളെ പ്രയോജനപ്പെടുത്തിയും സാധ്യതകളെ കണ്ടെത്തിയും  കാർഷികേതര മേഖലയിൽ പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കും. ഇതിലൂടെ പ്രാദേശിക സാമ്പത്തിക വികസനം കൈവരിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

ജില്ലയിൽ പെരിന്തൽമണ്ണയിൽ ബ്ലോക്ക് പഞ്ചായത്തിൽ എട്ട് സി.ഡി.എസുകളിൽ നിന്നായി 30 എം.ഇ.സിമാരെ തെരഞ്ഞടുത്തിട്ടുണ്ട്. 6.5 കോടി ചെലവിൽ പദ്ധതിയിലൂടെ 2,400 ചെറുകിട സംരംഭങ്ങൾ തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. 60 ശതമാനം കേന്ദ്ര ഫണ്ടും 40 ശതമാനം സംസ്ഥാന സർക്കാർ ഫണ്ടും സംയുക്തമായി കുടുംബശ്രീ വഴി പദ്ധതി നടപ്പാക്കും. പദ്ധതിയുടെ ഡീറ്റെയിൽഡ് പ്രൊജക്ട് റിപ്പോർട്ട് മിനിസ്ട്രി ഓഫ് റൂറൽ ഡെവലപ്പ്മെന്റ് അംഗീകരിച്ചിട്ടുണ്ട്. ഇതിന് ഓഫീസിന് വേണ്ട സൗകര്യം പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്തിലാണ് അനുവദിച്ചിട്ടുള്ളത്. ചെറുകിട സംരംഭങ്ങൾ, സേവനമേഖലാ സംരംഭം, തുടങ്ങി കാർഷികേതരമായ ഏതുതരം സംരംഭവും സ്ത്രീ പുരുഷൻമാർക്ക് ഇതുവഴി തുടങ്ങാവുന്നതാണ്.