കായിക സൗകര്യങ്ങൾ പഞ്ചായത്ത് തലത്തിൽ എത്തിക്കാനാണ് സർക്കാർ ശ്രമം : മന്ത്രി വി. അബ്ദുറഹ്‌മാന്‍

വികേന്ദ്രീകൃത ആസൂത്രണത്തിലൂടെ മികച്ച കായിക സൗകര്യങ്ങൾ പഞ്ചായത്ത് തലത്തിൽ എത്തിക്കാനാണ് സർക്കാർ ശ്രമമെന്ന് കായിക യുവജനക്ഷേമ വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞു. നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിലെ കിഴക്കേക്കവലയില്‍ അന്താരാഷ്ട്ര നിലവാരത്തില്‍ നിർമ്മിച്ച സിന്തറ്റിക് ട്രാക്കോടു കൂടിയ ഹൈ ആൾറ്റിറ്റ്യൂഡ് സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കായിക വികസനം താഴെത്തട്ടിൽ എത്തിക്കുവാനുള്ള സർക്കാർ ശ്രമങ്ങളുടെ ഭാഗമായി തദ്ദേശസ്ഥാപനങ്ങൾ 650 ഓളം പദ്ധതികൾ അവതരിപ്പിച്ചു കഴിഞ്ഞു. വരുന്ന ബജറ്റിൽ കായികവികസനത്തിന് കൂടുതൽ വിഹിതം അനുവദിക്കും. ഇന്ത്യയിലാദ്യമായി കായികനയം അവതരിപ്പിച്ച സംസ്ഥാനമാണ് കേരളം. 52 ഓളം മേഖലകളിലായി കായിക പ്രോത്സാഹനത്തിന് നടപടികൾ പുരോഗമിക്കുകയാണ്. ഇതിനായി നിയമനിർമാണത്തിനുള്ള നടപടികളും സ്വീകരിച്ചു കഴിഞ്ഞു. ആരോഗ്യമുള്ള സമൂഹത്തെ വാർത്തെടുക്കലാണ് സർക്കാർ ലക്ഷ്യം. അതിനാണ് കായിക രംഗത്ത് ആധുനിക സൗകര്യങ്ങൾ ഒരുക്കുന്നത്.

ജനങ്ങളുടെ കായികക്ഷമതയിൽ ഏറ്റവും അധികം ശ്രദ്ധ പതിപ്പിക്കുന്ന സംസ്ഥാനമാണിന്ന് കേരളം. കേരളത്തിന്റെ കായിക സമ്പദ് ഘടന വളർത്തിയെടുക്കലാണ് സർക്കാരിൻ്റെ മറ്റൊരു ലക്ഷ്യം. 10,000 തൊഴിലവസരങ്ങളാണ് ലക്ഷ്യമിടുന്നത്. ഇതുവഴി കൂടുതൽ കായിക താരങ്ങൾക്ക് തൊഴിൽ നൽകാനാവും. ഒരു പഞ്ചായത്തിൽ ഒരു കായിക പരിശീലകൻ എന്ന രീതിയിൽ നിയമിക്കാനുള്ള പദ്ധതികളും പുരോഗമിക്കുകയാണ്. കൂടാതെ സ്പോർട്സ് ഒരു വിഷയമായി സ്കൂൾ തലത്തിൽ പഠിപ്പിക്കാനും ഇതിന്റെ തുടർച്ചയായി പുതിയ കായിക കോഴ്സുകൾ ഉന്നത വിദ്യാഭ്യാസ തലത്തിൽ ആരംഭിക്കാനുമുള്ള ശ്രമങ്ങളിലാണ് സർക്കാരെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരത്ത് ഈയിടെ സമാപിച്ച കായിക ഉച്ചകോടിയിലൂടെ 5000 കോടി രൂപയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. 1350 കോടി രൂപ മുതൽമുടക്കിൽ 4 ക്രിക്കറ്റ് സ്റ്റേഡിയങ്ങളാണ് സംസ്ഥാനത്ത് പുതുതായി വരുന്നത്. കൂടാതെ 8 ഫുട്ബോൾ സ്റ്റേഡിയങ്ങളും കൊച്ചിയിൽ അന്താരാഷ്ട്ര പരിശീലന കേന്ദ്രവും വരാൻ പോകുന്നു. കായിക മേഖലയുടെ കുതിപ്പ് ഉറപ്പുവരുത്താനാണ് സർക്കാരിൻ്റെ ശ്രമമെന്നും മന്ത്രി പറഞ്ഞു.

ഇടുക്കിയുടെ കായിക ഭൂപടത്തിന് സംസ്ഥാന സർക്കാർ നൽകുന്ന ഏറ്റവും വലിയ സമ്മാനമാണ് നെടുങ്കണ്ടം പഞ്ചായത്ത് സ്റ്റേഡിയം. പച്ചടിയിലെ ഇൻഡോർ സ്റ്റേഡിയം നിർമാണവും മൂന്നാറിലെ ഹൈ ആൾറ്റിറ്റ്യൂഡ് സെൻ്റർ നവീകരണവും പൂർത്തിയാകുന്നതോടെ 43 കായിക ഇനങ്ങൾ പരിശീലിക്കാൻ കഴിയുന്ന ജില്ലയായി ഇടുക്കി മാറും. കായിക കേരളത്തിന് ഏറ്റവും അധികം പ്രയോജനം ചെയ്യുന്ന ഒന്നായി നെടുങ്കണ്ടം ഹൈ ആൾറ്റിറ്റ്യൂഡ് സ്റ്റേഡിയം മാറുമെന്നാണ് സംസ്ഥാന കായിക വകുപ്പ് കരുതുന്നത്. സിന്തറ്റിക് ട്രാക്ക് പരമാവധി പ്രയോജനപ്പെടുത്താനും ശരിയായി പരിപാലിക്കാനും മാനേജിങ് കമ്മിറ്റി ശ്രദ്ധിക്കണമെന്നും അശ്രദ്ധ മൂലം സ്റ്റേഡിയത്തിന് കേടുപാടുകൾ സംഭവിക്കാതിരിക്കാൻ കായികപ്രേമികൾ ജാഗ്രത കാണിക്കണമെന്നും മന്ത്രി പറഞ്ഞു.

പരിപാടിയില്‍ എം.എം മണി എം.എല്‍.എ അധ്യക്ഷത വഹിച്ചു. സംസ്ഥാന സ്‌പോര്‍ട്‌സ് വകുപ്പ് എക്സിക്യുട്ടീവ് എഞ്ചിനീയർ ബാബു രാജൻ പിള്ള റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡീന്‍ കുര്യാക്കോസ് എംപി മുഖ്യാതിഥിയായി.  ഉദ്ഘാടന ചടങ്ങിനു ശേഷം ഇടുക്കി ജില്ല അത്‌ലറ്റിക് അസോസിയേഷൻ സംഘടിപ്പിച്ച അണ്ടർ 16 പെൺകുട്ടികളുടെ 800 മീറ്റർ ഓട്ടമത്സരമാണ് സ്റ്റേഡിയത്തിൽ ആദ്യമായി നടന്നത്.

തുടര്‍ന്ന് വൈകിട്ട് 6 മണിക്ക് അക്രോബാറ്റിക് ജൂഡോ ഷോ, കരാട്ടേ പ്രദര്‍ശനം എന്നിവ അരങ്ങേറി. ശേഷം ചങ്ങനാശ്ശേരി എസ്.ബി കോളേജും കോട്ടയം ബസോലിയോസ് കോളേജും തമ്മിലുള്ള സൗഹൃദ ഫുട്‌ബോള്‍ മത്സരവും സ്റ്റേഡിയത്തില്‍ അരങ്ങേറി.

സംസ്ഥാന കായിക യുവജനകാര്യ വകുപ്പും കിഫ്ബിയും ഗ്രാമപഞ്ചായത്തും ചേര്‍ന്നാണ് സ്റ്റേഡിയത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. കിഫ്ബിയുടെ 10 കോടിയും സംസ്ഥാന സര്‍ക്കാരിൻ്റെ മൂന്ന് കോടിയും നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിൻ്റെ ഒരു കോടിയുമടക്കം 14 കോടി രൂപ ചെലവഴിച്ചാണ് സ്റ്റേഡിയം നിർമിച്ചിരിക്കുന്നത്.