ക്ഷീര വികസന വകുപ്പിന്റെയും ക്ഷീര സഹകരണ സംഘങ്ങളുടെയും സംയുക്ത ആഭിമുഖ്യത്തിൽ ‘ജീവനീയം’ എന്ന പേരിൽ നടത്തുന്ന ജില്ലാ ക്ഷീരസംഗമത്തിന് എടക്കര ക്ഷീരസംഘം പരിസരത്ത് തുടക്കമായി. വഴിക്കടവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. വഴിക്കടവ് ക്ഷീരസംഘം പ്രസിഡന്റ് വി.കെ മാത്യു അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയർമാൻ അബീഷ് ജോയി പതാക ഉയർത്തി. പരിപാടിയുടെ ഭാഗമായി ക്ഷീരകർഷകർക്കായി അൽ ഷിഫാ ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്, ക്ഷീരസംഘം – ക്ഷീരവികസന വകുപ്പ് ജീവനക്കാർക്കായി കായിക മത്സരങ്ങൾ എന്നിവ നടത്തി. വൈകീട്ട് നടന്ന വിളംബര ഘോഷയാത്ര എടക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ടി ജെയിംസ് ഉദ്ഘാടനം ചെയ്തു. എടക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിഷക്കുട്ടി അധ്യക്ഷത വഹിച്ചു.
എടക്കര ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരംഭിച്ച് വിളംബര ഘോഷയാത്ര എടക്കര ക്ഷീരസംഘം പരിസരത്ത് അവസാനിച്ചു. ക്ഷീരവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ വർക്കി ജോർജ്ജ്, ഗുണ നിയന്ത്രണ ഓഫീസർ പി.പി സുനൈന, ക്ഷീര വികസന ഓഫീസർ കെ. നസീമ തുടങ്ങിയവർ നേതൃത്വം നൽകി.