ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപകമാവുന്ന സാഹചര്യത്തില്‍ ഇതേക്കുറിച്ച് നാം ബോധവാന്‍ ആയിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ശക്തികുളങ്ങര പൊലീസ് സ്റ്റേഷന്റെ കെട്ടിട ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ചെറിയ കുട്ടികള്‍പോലും സൈബര്‍ ചതിക്കുഴികളില്‍ അകപ്പെട്ടുപോവുന്നുണ്ട്. കുടുംബത്തിന്റെ സ്വസ്ഥത നഷ് ടപ്പെടുന്ന സംഭവങ്ങളില്‍ പോലും മാനഭയംമൂലം പലരും പൊലീസില്‍ പരാതിപ്പെടാറില്ല. ഇത്തരം കേസുകള്‍ ഉചിതമായ രീതിയില്‍ കൈകാര്യം ചെയ്യാന്‍ പൊലീസിന് സാധിക്കണം.
കഴിഞ്ഞവര്‍ഷം 201 കോടി രൂപ സൈബര്‍ തട്ടിപ്പിലൂടെ കേരളത്തില്‍ നഷ് ടമായി എന്നാണ് കണക്കുകള്‍ കാണിക്കുന്നത്. അമിതലാഭം മോഹിച്ച് ഓണ്‍ലൈന്‍ തട്ടിപ്പില്‍ ഇരയാവുന്നരും ഇതില്‍ ഉണ്ട്. ഈ അവസരത്തില്‍ സൈബര്‍ പൊലീസിന്റെ പ്രവര്‍ത്തനം പ്രാധാന്യമേറിയതാണ്. എല്ലാ ജില്ലകളിലും സൈബര്‍ പൊലീസ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ കഴിഞ്ഞത് നേട്ടമാണ്. സ്റ്റാര്‍ട്ടപ്പുകള്‍ ഉള്‍പ്പെടെയുള്ളവരുടെ സാങ്കേതിക സഹായത്തോടെ സൈബര്‍ പൊലീസ് വിഭാഗം കൂടുതല്‍ വിപുലീകരിക്കുമെന്നും പൊലീസ് സേന ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സുജിത് വിജയന്‍പിള്ള എം എല്‍ എ അധ്യക്ഷത വഹിച്ചു. മേയര്‍ പ്രസന്ന ഏണസ്റ്റ് സിറ്റി പൊലീസ് കമ്മീഷണര്‍ വിവേക് കുമാര്‍, ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, കൗണ്‍സിലര്‍മാരായ എസ് ജയന്‍, ദീപു ഗംഗാധരന്‍, സുമി, അഡീഷണല്‍ എസ് പി എം.കെ സുല്‍ഫിക്കര്‍, എ സി പിമാരായ ആര്‍ എസ് അനുരൂപ്, ആര്‍ ജോസ്, കെ ആര്‍ പ്രതീക്, എന്‍ ഷിബു, എസ് എച്ച് ഒ എസ്.ഉദയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.