ആലത്തൂര്‍ ഗ്രാമപഞ്ചായത്ത് 2024-25 വാര്‍ഷിക ബജറ്റ് വൈസ് പ്രസിഡന്റ് ചന്ദ്രന്‍ പരുവക്കല്‍ അവതരിപ്പിച്ചു. ആലത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ഷൈനി അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് 2024-25 സാമ്പത്തികവര്‍ഷത്തേക്ക് 31.210 കോടിയുടെ വാര്‍ഷിക ബജറ്റാണ് തയ്യാറാക്കിയിട്ടുള്ളത്. 29.435 കോടിയുടെ ചെലവും 1.775 കോടി മിച്ചവും പ്രതീക്ഷിക്കുന്നു. കാര്‍ഷിക മേഖലയ്ക്കും പാര്‍പ്പിടം, ആരോഗ്യം, വിദ്യാഭ്യാസ മേഖലകള്‍ക്കും പ്രാധാന്യം നല്‍കിയാണ് ആലത്തൂര്‍ പഞ്ചായത്ത് ബജറ്റ് തയ്യാറാക്കിയിട്ടുള്ളത്.

പാര്‍പ്പിട മേഖലയ്ക്ക് അഞ്ച് കോടിയും കാര്‍ഷിക മൃഗസംരക്ഷണ മേഖലകള്‍ക്കായി 1.254 കോടിയും വിദ്യാഭ്യാസ മേഖലയ്ക്ക് 45.50 ലക്ഷവും കുടിവെള്ളം-ശുചിത്വ മേഖലകള്‍ക്ക് 45.48 ലക്ഷവും പട്ടികജാതി വികസനത്തിന് 83.24 ലക്ഷവും ഭിന്നശേഷി കുട്ടികള്‍, വൃദ്ധര്‍ എന്നിവര്‍ക്കായി 84.50 ലക്ഷവും വനിതാ വികസനത്തിന് 21 ലക്ഷവും തെരുവുവിളക്കുകള്‍ക്ക് 15 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. ആസ്തിവികസന മേഖലയില്‍ റോഡുകളുടെ വികസനത്തിന് 2.632 കോടിയും കെട്ടിടങ്ങളുടെ വികസനത്തിന് 14 ലക്ഷവും സദ്ഭരണത്തിനായി 35 ലക്ഷവും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയ്ക്കായി 8.5 കോടിയും വിവിധ സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ക്കായി 8.5 കോടിയുമാണ് വകയിരുത്തിയിട്ടുള്ളത്.