പ്രധാനമന്ത്രി ജന്‍ജാതി ആദിവാസി ന്യായമഹാ അഭിയാന്റെ ഭാഗമായി പ്രത്യേക ദുര്‍ബലരായ ആദിവാസി വിഭാഗക്കാര്‍ക്ക് വേണ്ടിയുള്ള അടിസ്ഥാന രേഖയായ ആധാര്‍കാര്‍ഡ് തയ്യാറാക്കുന്നതിനായി പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ സഹകരണത്തോടെ ജില്ലയിലെ പൈവളികെ പഞ്ചായത്തിലെ ഓട്ടത്തില കോളനിയില്‍ ആധാര്‍ ക്യാമ്പ് സംഘടിപ്പിച്ചു. പൈവളികെ പഞ്ചായത്ത് ഹാളില്‍ നടത്തിയ പി.എം.ജന്‍മന്‍ ക്യാമ്പ് 17-ാം വാര്‍ഡ് മെമ്പറായ കെ.അബ്ദുള്ള ഉദ്ഘാടനം ചെയ്തു.
മറ്റു രേഖകളൊന്നമുല്ലാതെ ബുദ്ധിമുട്ടനുഭവിക്കുന്ന ഈ വിഭാഗക്കാര്‍ക്ക് ഡൊമിസൈല്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കിയാണ് ആധാര്‍ എന്റോള്‍മെന്റ് പൂര്‍ത്തീകരിച്ചത്. പഞ്ചായത്തു ഹാളില്‍ ഒമ്പതു പേരുടേയും ഗുവൈദപ്പടുപ്പ് അക്ഷയ സെന്ററില്‍ ഒരാളുടെയും ഓട്ടത്തില കോളനിയില്‍ പോയി രണ്ടു പേരുടെയും ആധാര്‍ എന്റോള്‍മെന്റ് പൂര്‍ത്തിയാക്കി.
പട്ടികവര്‍ഗ്ഗ വികസനവകുപ്പ് ലഭ്യമാക്കിയ കണക്കുപ്രകാരം 55 പേര്‍ക്ക് ആധാര്‍കാര്‍ഡ് ഈ പദ്ധതി വഴി ലഭ്യമാക്കുന്നതോടുകൂടി അടിസ്ഥാന രേഖയില്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഈ ദുര്‍ബല വിഭാഗക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ സാധിക്കും. കൊറഗ വിഭാഗക്കാര്‍ക്കായി നടത്തിയ ക്യാമ്പില്‍ കയ്യാര്‍ അക്ഷയകേന്ദ്രം സംരംഭകന്‍ വെങ്കപ്പപ്രഭു, ഗുവൈദപ്പടുപ്പ് അക്ഷയകേന്ദ്രം സംരംഭകന്‍ ബി.ഹംസ, അക്ഷയബ്ലോക്ക് കോര്‍ഡിനേറ്റര്‍മാരായ കെ.പുഷ്പലത, കെ.അശോക, ട്രൈബല്‍ എക്‌സ്റ്റന്‍ഷന്‍ ഓഫീസര്‍ കെ.വീണ നാരായണന്‍, സി.എസ്.ഡബ്ല്യു സൗമ്യ, പ്രമോട്ടര്‍മാരായ ശീലാവതി, മധുശ്രീ, ദിവിന, ഭഗീരഥി എന്നിവര്‍ പങ്കെടുത്തു.