ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ ജലബജറ്റ് പൂർത്തിയാക്കിയ ഗ്രാമപഞ്ചായത്തുകളിൽ ജലബജറ്റിൽ നിന്നും ജലസുരക്ഷയിലേക്ക് കാമ്പയിൻ നടത്തുന്നതിനായി സംസ്ഥാനതല ശിൽപ്പശാല സംഘടിപ്പിക്കുന്നു. രണ്ടു മേഖലകളിലായി സംഘടിപ്പിക്കുന്ന ശിൽപ്പശാലകളിലെ തെക്കൻ മേഖലാ ശിൽപ്പശാല നാളെ തിരുവനന്തപുരം പാളയം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ ഭാഗ്യമാല ഓഡിറ്റോറിയത്തിൽ നടക്കും.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ജലബജറ്റ് തയ്യാറാക്കിയ ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡന്റുമാർ, ഹരിതകേരളം മിഷൻ, ജലസേചനവകുപ്പ്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്നിവയിലെ സംസ്ഥാന – ജില്ലാ ചുമതലക്കാർ തുടങ്ങിയവർ പങ്കെടുക്കും.

ജലവിഭവ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സി.ഡബ്ല്യു.ആർ.ഡി.എം ന്റെ സാങ്കേതിക പിന്തുണയോടെയാണ് ആദ്യ ഘട്ടമായി സംസ്ഥാനത്തെ 94 ഗ്രാമപഞ്ചായത്തുകളിൽ ജലബജറ്റ് തയ്യാറാക്കിയത്. നീരുറവ് നീർത്തട വികസന പദ്ധതി പ്രവർത്തനങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് ജലബജറ്റിൽ നിന്നും ജല സുരക്ഷയിലേക്ക് കാമ്പയിൻ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. തൊഴിലുറപ്പ് പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്ന സമഗ്ര നീർത്തട വികസന പദ്ധതിയാണ് നീരുറവ. ഹരിതകേരളം മിഷന്റെ നേതൃത്വത്തിലാണ് നീരുറവ പദ്ധതി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വ്യാപിപ്പിക്കുന്നത്. ഫെബ്രുവരി 16 ന് കോഴിക്കോട് ഡി.പി.സി. ഹാളിൽ സംഘടിപ്പിക്കുന്ന രണ്ടാം മേഖലാ ശില്പശാലയിൽ തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നിന്നുള്ളവർ പങ്കെടുക്കും.