കാർഷിക മേഖലയിൽ സ്വയംപര്യാപ്തത നേടുക എന്ന ലക്ഷ്യവുമായി കക്കോടി ഗ്രാമപഞ്ചായത്ത്. 1000 വീടുകളിൽ 10000 പച്ചക്കറി തയ്യും മൺചട്ടിയും പോട്ടിങ് മിശ്രിതവും നൽകുന്ന പദ്ധതി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന്റെ മൂന്നാം വാർഷിക ആഘോഷത്തിൻ്റെ ഭാഗമായി ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പരിപാടി നടപ്പാക്കുന്നത്.

വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി ഷീബ നിർവഹിച്ചു. ഗ്രോബാഗുകളിൽ നിന്ന് പച്ചക്കറി കൃഷി പൂർണമായും മൺചട്ടിയിലേക്ക് മാറ്റുന്നതിന്റെ ഭാഗമായാണ് 16 ലക്ഷം രൂപ ചെലവഴിച്ച് പദ്ധതി നടപ്പാക്കുന്നത്.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി ടി വിനോദ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി ചെയർമാൻമാരായ താഴത്തിൽ ജുമൈലത്ത്, പുനത്തിൽ മല്ലിക, കൃഷി അസി.ഓഫീസർ സുധീർ, ഇ എം ഗിരീഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.