സംസ്ഥാന ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ‘പടവ് 2024’ സംസ്ഥാന ക്ഷീരകര്‍ഷകസംഗമം ഫെബ്രുവരി 18 മുതല്‍ 20 വരെ ഇടുക്കി അണക്കര സെന്റ് തോമസ് ഫൊറോന ചര്‍ച്ച് പാരിഷ് ഹാളില്‍ നടക്കും. ക്ഷീരകര്‍ഷകരുടെയും സഹകാരികളുടെയും സാങ്കേതിക വിദഗ്ധരുടെയും കൂട്ടായ്മയായ ക്ഷീരകര്‍ഷക സംഗമത്തില്‍ പാലുല്‍പാദനത്തില്‍ സംസ്ഥാനത്തെ സ്വയംപര്യാപ്തമാക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യും. മൃഗസംരക്ഷണ വകുപ്പ്, ക്ഷീരസഹകരണ സംഘങ്ങള്‍, കേരള ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ് മില്‍മ, കേരള ഫീഡ്സ്, കെ.എല്‍.ഡി ബോര്‍ഡ്, വെറ്ററിനറി സര്‍വകലാശാല എന്നിവരുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയില്‍ 5000 ത്തോളം ക്ഷീരകര്‍ഷകര്‍ പങ്കെടുക്കും.
18 ന് ആരംഭിക്കുന്ന സംഗമത്തിന്റെ ഉദ്ഘാടനം 19 ന് രാവിലെ 10 മണിക്ക് ക്ഷീര വികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി നിര്‍വഹിക്കും. സംസ്ഥാനത്തെ മികച്ച ക്ഷീരസംഘത്തിനുള്ള ഡോ.വര്‍ഗീസ് കുര്യന്‍ അവാര്‍ഡ് വിതരണം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും. വാഴൂര്‍ സോമന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഡീന്‍ കുര്യാക്കോസ് എംപി, എം.എല്‍.എ മാരായ വാഴൂര്‍ സോമന്‍, എം.എം.മണി, പി.ജെ. ജോസഫ്, എ.രാജ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി ബിനു തുടങ്ങി ത്രിതല പഞ്ചായത്ത് ഭാരവാഹികള്‍, ക്ഷീരകര്‍ഷകര്‍, സംഘം ജീവനക്കാര്‍, സഹകാരികള്‍, വിവിധ സ്ഥാപന മേധാവികള്‍, സാങ്കേതിക വിദഗ്ദ്ധര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ഫെബ്രുവരി 18ന് മൂന്ന് മണിക്ക് വാഴൂര്‍ സോമന്‍ എംഎല്‍എ അണക്കര സെന്റ് തോമസ് ഫൊറോന ചര്‍ച്ച് പാരിഷ് ഹാളിന്റെ മുമ്പില്‍ പതാക ഉയര്‍ത്തും. 3.30 ന് വിളംബര ഘോഷയാത്ര ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി ബിനു ഫ്ളാഗ് ഓഫ് ചെയ്യും. തുടര്‍ന്ന് അഞ്ച് മണിക്ക് ഡയറി എക്സ്പോ മന്ത്രി ജെ. ചിഞ്ചു റാണിയും കലാസന്ധ്യ എം.എം.മണി എംഎല്‍എയും ഉദ്ഘാടനം ചെയ്യും. അന്നേ ദിവസം ക്ഷീരവികസന വകുപ്പിലെയും ക്ഷീര സംഘത്തിലെയും ജീവനക്കാരുടെ കലാവിരുന്നും ഉണ്ടായിരിക്കും.
ഫെബ്രുവരി 19ന് ഒന്‍പത് മണിക്ക് രജിസ്ട്രേഷന്‍ ആരംഭിക്കും. 12 മണിക്ക് ക്ഷീരകര്‍ഷക സെമിനാര്‍, 2 മണിക്ക് ക്ഷീരകര്‍ഷക വിജയഗാഥകള്‍, മൂന്ന് മണിക്ക് ക്ഷീരകര്‍ഷകരുടെ ശാസ്ത്രീയ കണ്ടെത്തലുകളുടെ അവതരണം എന്നിവ സംഘടിപ്പിക്കും. അണക്കര അല്‍ഫോന്‍സാ ഹോസ്പിറ്റലിന്റെ നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പും ഉണ്ടാവും. ഫെബ്രുവരി 20ന് 9.30 ന് ക്ഷീര മേഖലയിലെ സംശയ നിവാരണം, 1.30ന് ക്ഷീരസംഘം ജീവനക്കാര്‍ക്കുള്ള ശില്പശാല എന്നിവ നടക്കും. നാല് മണിക്ക് സമാപന സമ്മേളനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും.