എനർജി മാനേജ്മെന്റ് സെന്റർ (ഇ.എം.സി) കേരളയുടെ ”സെന്റർ ഫോർ എനർജി സ്റ്റഡീസ്” പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം ഹോട്ടൽ റസിഡൻസി ടവറിൽ വെച്ച് ”വൈദ്യുതി വിതരണ മേഖലയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ.) അഥവാ നിർമ്മിതബുദ്ധിയുടെ സാധ്യതകൾ” എന്ന വിഷയത്തിൽ നടന്ന ശിൽപശാല വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ. കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. എനർജി മാനേജ്മെൻറ് സെന്റർ (ഇ.എം.സി) കേരള ഡയറക്ടർ ഡോ. ആർ. ഹരികുമാർ സ്വാഗതം ആശംസിച്ചു. വിവിധ വ്യവസായ മേഖലകളിൽ ഡിജിറ്റൽ പരിവർത്തനത്തിൽ എ.ഐ.യുടെ വർദ്ധിച്ചുവരുന്ന സ്വാധീനത്തെ കുറിച്ച് വിദഗ്ധർ ചടങ്ങിൽ സംസാരിച്ചു. വൈദ്യുത മേഖല വിവിധ വെല്ലുവിളികളെ നേരിടുന്ന സാഹചര്യത്തിൽ മാറ്റത്തിനായി എ.ഐ. യുടെ ഉപയോഗം പര്യവേക്ഷണം ചെയ്യേണ്ടതിന്റെ ആവശ്യകത, എ. ഐ ലൂടെ പ്രോജക്ടുകൾ എങ്ങനെ വിന്യസിക്കാം എന്നീ വിഷയങ്ങൾക്കാണ് ശില്പശാല പ്രാധാന്യം നൽകിയത്.
ഊർജ്ജ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ. ആർ. ജ്യോതിലാൽ ശില്പശാലയ്ക്ക് അധ്യക്ഷത വഹിക്കുകയും ടെക്‌നിക്കൽ സെഷന്റെ ആദ്യഘട്ടമായി എ. ഐ. യുടെ പ്രാധാന്യത്തെക്കുറിച്ച് ആമുഖ പ്രഭാഷണം നടത്തുകയും ചെയ്തു. വിവരശേഖരണം, മാതൃകാ വികസനം, വിന്യാസം എന്നിവ ഉൾക്കൊള്ളുന്ന എ.ഐ. യുടെ അവിഭാജ്യ ഘടകങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.
പ്രസ്തുത ശില്പശാലയിലെ സാങ്കേതിക സെഷൻ ചെയ്ത ബാംഗ്ലൂരിലെ സെന്റർ ഫോർ സ്റ്റഡി ഓഫ് സയൻസ്, ടെക്‌നോളജി ആൻഡ് പോളിസിയിലെ, എ.ഐ ആൻഡ് ഡിജിറ്റൽ പ്ലാറ്റ്‌ഫോം വിഭാഗം മേധാവി രാജേഷ് ഷേണായിയാണ്. വ്യവസായ മേഖലയിൽ വിപ്ലവം സൃഷ്ടിക്കാൻ സഹായിക്കുന്നതിലും തടസ്സങ്ങൾ ഇല്ലാതെ വൈദ്യുതി വിതരണം കൈകാര്യം ചെയ്യുന്നതിലും എ.ഐ ആപ്ലിക്കേഷനുകളുടെ സാധ്യതകളെക്കുറിച്ച് രാജേഷ് ഷേണായി ചർച്ച ചെയ്തു. കെ.എസ്.ഇ.ബി, അനെർട്ട്, സി-ഡാക്, ടെക്‌നോപാർക്ക് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർ, വിവിധ എൻജിനീയറിങ് കോളേജിലെ അദ്ധ്യാപകർ,വിദ്യാർത്ഥികൾ, ഊർജ്ജ മേഖലയിലെ വിദഗ്ധർ അടങ്ങുന്ന 75 പേരോളം പരിപാടിയിൽ പങ്കെടുത്തു.
വൈദ്യുതി വിതരണത്തിൽ എ.ഐ യുടെ പരിവർത്തന സാധ്യതകളെ കുറിച്ച് ചർച്ച ചെയ്യുന്നതിന് ശിൽപശാല വേദിയായി. സാങ്കേതിക മുന്നേറ്റങ്ങളോടുള്ള സംസ്ഥാനത്തിൻറെ പ്രതിബദ്ധതയും അതിലേക്കായി സുസ്ഥിരവും കാര്യക്ഷമവുമായ പ്രവർത്തനങ്ങളുടെ നടത്തിപ്പും ഭാവിയിൽ വിവിധ പങ്കാളികളുടെ സഹകരണത്തോടെ നടത്തേണ്ട ശ്രമങ്ങളും അദ്ദേഹം വിശദീകരിച്ചു. സാങ്കേതിക സെഷനു ശേഷം ഉന്നയിച്ച ചോദ്യങ്ങൾക്ക് വിദഗ്ധർ മറുപടി നൽകി. ശില്പശാലയുടെ സമാപനത്തിൽ ഇ.എം.സി യുടെ ജോയിന്റ് ഡയറക്ടർ ദിനേശ് കുമാർ എ എൻ നന്ദി രേഖപ്പെടുത്തി.