ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ വയനാടിനെ സമ്പൂര്‍ണ വിശപ്പുരഹിത ജില്ലയായി പ്രഖ്യാപിക്കാനുള്ള നടപടികള്‍ തുടങ്ങി. ജില്ലാ കളക്ടര്‍ എ.ആര്‍. അജയകുമാറിന്റെ അദ്ധ്യക്ഷതയില്‍ ആലോചനാ യോഗം ചേര്‍ന്നു. വിശക്കുന്ന ഒരാള്‍പോലും ജില്ലയിലുണ്ടാവരുതെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പ്രധാനപ്പെട്ട ടൗണുകളില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളെല്ലാം പദ്ധതിയുടെ ഭാഗമാക്കും. ആശുപത്രികള്‍, പൊതുസ്ഥലങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ സര്‍ക്കാര്‍ സംവിധാനം വഴി കൂപ്പണുകള്‍ വിതരണം ചെയ്യും. ഇതുപയോഗിച്ച് പദ്ധതിയുടെ ഭാഗമായി സ്റ്റിക്കര്‍ പതിച്ച ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം കഴിക്കാം. സൗജന്യമായി ഭക്ഷണം നല്‍കുന്ന പദ്ധതിയായതിനാല്‍ ഗുണനിലവാരത്തിന്റെ കാര്യത്തില്‍ പിന്നാക്കം പോവരുതെന്നു കളക്ടര്‍ നിര്‍ദേശിച്ചു.
വിശപ്പുരഹിത വയനാടുമായി ബന്ധപ്പെട്ട് എ.ഡി.എം കെ.അജീഷ് ചെയര്‍മാനായ ജില്ലാതല കമ്മിറ്റിയുടെ ആദ്യ യോഗം നവംബര്‍ 22നു വൈകീട്ട് നാലിനു ചേരാന്‍ തീരുമാനമായി. മൂന്നു താലൂക്കുകളെ പ്രതിനിധീകരിച്ചുള്ള ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്‍ ഭാരവാഹികള്‍, തഹസില്‍ദാര്‍മാര്‍, ഫുഡ്‌സേഫ്റ്റി ഉദ്യോഗസ്ഥര്‍, നഗരസഭാ സെക്രട്ടറിമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, പൊലീസ്, ആരോഗ്യവകുപ്പ് പ്രതിനിധികള്‍ എന്നിവരാണ് ജില്ലാതല കമ്മിറ്റിയിലുള്ളത്. താലൂക്ക് തല കമ്മിറ്റിയുടെ ചുമതല ബന്ധപ്പെട്ട തഹസില്‍ദാര്‍മാര്‍ക്കാണ്.
ഹോട്ടല്‍ വ്യവസായം നേരിടുന്ന പ്രശ്‌നങ്ങള്‍ അസോസിയേഷന്‍ ഭാരവാഹികള്‍ ജില്ലാ കളക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തി. പുലര്‍ച്ചെ ഹോട്ടലുകളില്‍ നടക്കുന്ന പരിശോധനയ്ക്ക് നിയന്ത്രണം വേണമെന്നും പരാതിപ്പെടാന്‍ വേദിയില്ലെന്നും അവര്‍ കുറ്റപ്പെടുത്തി. ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്നും നിയമത്തിനുള്ളില്‍ നിന്നുകൊണ്ടുള്ള സഹായങ്ങള്‍ ചെയ്യുമെന്നും കളക്ടര്‍ അറിയിച്ചു. പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് തെറ്റായ കാര്യങ്ങള്‍ സാമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. എ.ഡി.എം. കെ. അജീഷ്, കല്‍പ്പറ്റ നഗരസഭ സെക്രട്ടറി കെ. ജി. ഗോപാലകൃഷ്ണന്‍, ഫുഡ്‌സേഫ്റ്റി ഓഫിസര്‍മാര്‍, ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
