*മന്ത്രി കെ. രാജന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു

വിഷരഹിത പച്ചക്കറികളും പഴങ്ങളും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളും ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന് നടത്തറ കുടുംബശ്രീ സിഡിഎസിന്റെ ആഭിമുഖ്യത്തില്‍ എരവിമംഗലത്ത് നേച്ചര്‍ ഫ്രഷ് വെജിറ്റബിള്‍ കിയോസ്‌ക്കും മൂര്‍ക്കനിക്കര സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ പഴം പച്ചക്കറി സംഭരണ വിപണന ചന്തയും പ്രവര്‍ത്തനമാരംഭിച്ചു. എരവിമംഗലം സെന്ററില്‍ നടന്ന ചടങ്ങില്‍ വെജിറ്റബിള്‍ കിയോസ്‌ക്കും മൂര്‍ക്കനിക്കര സര്‍വ്വീസ് സഹകരണ ബാങ്കിന് സമീപം നടന്ന ചടങ്ങില്‍ പഴം പച്ചക്കറി സംഭരണ വിപണന ചന്തയും റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്തു. വിഷരഹിത പച്ചക്കറികളും പഴങ്ങളും മൂല്യവര്‍ദ്ധിത ഉത്പ്പന്നങ്ങളും സാധാരണക്കാരനു ലഭ്യമാക്കാനും കര്‍ഷകനു വിറ്റഴിക്കാനുമുള്ള സ്ഥിരം വിപണന കേന്ദ്രമായാണ് കിയോസ്‌ക് പ്രവര്‍ത്തിക്കുക.

കുടുംബശ്രീ ജില്ലാ മിഷനില്‍ നിന്നും ലഭിച്ച രണ്ട് ലക്ഷം രൂപ വിനിയോഗിച്ചാണ് നേച്ചര്‍ ഫ്രഷ് എന്നപേരില്‍ നടത്തറ കുടുംബശ്രീയുടെ നേതൃത്വത്തില്‍ കിയോസ്‌ക്ക് സ്ഥാപിച്ചത്. ജില്ലയിലെ രണ്ടാമത്തെ കിയോസ്‌ക്കാണ് നടത്തറ കുടുംബശ്രീ സിഡിഎസിന്റെ കീഴിലുള്ളത്. ഉപജീവനം ഉപസമിതി കണ്‍വീനര്‍ വത്സല വേണുവിന്റെ നേതൃത്വത്തിലാണ് കുടുംബശ്രീ കീയോസ്‌ക്കിന്റെ പ്രവര്‍ത്തനം.

എരവിമംഗലത്ത് നടന്ന ചടങ്ങില്‍ നടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ് അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ ഡോ. എ. കവിത പദ്ധതി വിശദീകരണം നടത്തി. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ രവി ആദ്യ വില്‍പ്പന നടത്തി. ജില്ലാ പഞ്ചായത്ത് അംഗം കെ.വി സജു മുഖ്യാതിഥിയായിരുന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആര്‍ രജിത്ത്, സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങള്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാര്‍, സി ഡി എസ് അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ജനോപകാരപ്രദമായ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുന്ന മൂര്‍ക്കനിക്കര സര്‍വീസ് സഹകരണ സംഘം നേതൃത്വത്തിലും കാര്‍ഷിക കര്‍മ്മ സേന സഹകരണത്തിലും നടത്തിയിരുന്ന പഴം പച്ചക്കറി സംഭരണ വിപണന ചന്ത വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് കിയോസ്‌ക് ആരംഭിച്ചത്. സര്‍വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡണ്ട് സത്യന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.