മലപ്പുറം ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളിൽ പ്രവർത്തനസജ്ജമായ ആറ് ഐസൊലേഷൻ വാർഡുകളുടെയും അഞ്ച് നഗര ജനകീയാരോഗ്യ കേന്ദ്രങ്ങളുടെയും ഉദ്ഘാടനം ഓണ്‍ലൈനായി നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
കോവിഡ് പോലെയുള്ള മഹാമാരികളും മറ്റ് പകർച്ചവ്യാധികളും നേരിടുന്നതിന് ആരോഗ്യ മേഖലയെ കൂടുതൽ സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് മൾട്ടിപർപ്പസിനായി ഐസൊലേഷൻ വാർഡുകൾ സജ്ജമാക്കിയിരിക്കുന്നത്. എം.എൽ.എ. ഫണ്ടും കിഫ്ബി ഫണ്ടും തുല്യമായി ഉപയോഗിച്ചുള്ള ഈ പദ്ധതി കെ.എം.എസ്.സി.എൽ. ആണ് നടപ്പാക്കിയത്. 10.74 കോടി രൂപയാണ് ആറു ഐസൊലേഷന്‍ വാര്‍ഡുകളുടെ നിര്‍മമാണത്തിനായി ചെലവായത്.
ജില്ലയില്‍ കരുവാരകുണ്ട്, ഓമാനൂര്‍, തവനൂര്‍, താനൂര്‍, നെടുവ സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, പൊന്നാനി ഡബ്ല്യു ആന്‍ഡ് സി എന്നിവിടങ്ങളിലെ ഐസൊലേഷന്‍ വാര്‍ഡുകളുടെയും നിലമ്പൂര്‍ ബീരാന്‍ കോളനി, പൊന്നാനിയിലെ പുതുപൊന്നാനി, വണ്ടിപ്പേട്ട, തിരൂരിലെ ഇല്ലത്തപ്പാടം, നടുവിലങ്ങാടി തുടങ്ങിയ നഗര ജനകീയാരോഗ്യകേന്ദ്രങ്ങളുടെയും ഉദ്ഘാടനമാണ് മുഖ്യമന്ത്രി നിര്‍വഹിച്ചത്. പരിപാടിയുടെ ഭാഗമായി അതത് ആരോഗ്യസ്ഥാപനങ്ങളില്‍ പ്രാദേശിക പരിപാടികളും നടന്നു.
പൊന്നാനി അമ്മയും കുഞ്ഞും ആശുപത്രിയിൽ നടന്ന ചടങ്ങിൽ പി.നന്ദകുമാർ എം.എൽ.എ മുഖ്യാത്ഥിയായി. ശിലാഫലകം എം എൽ എ അനാച്ഛാദനം ചെയ്തു. പൊന്നാനി നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ രജീഷ് ഊപ്പാല, ഒ.ഒ ഷംസു, ടി. മുഹമ്മദ് ബഷീർ, ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. ആഷ, ഡെപ്യൂട്ടി സൂപ്രണ്ട് ശ്രീജ തുടങ്ങിയവർ പങ്കെടുത്തു.