നെടുമങ്ങാട് നഗരസഭയിലെ പത്താംകല്ല് വാർഡിലെ പയ്യംപള്ളി സ്മാർട്ട് അങ്കണവാടിയുടെ ഉദ്ഘാടനം ഭക്ഷ്യ – പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ നിർവഹിച്ചു. ഒരു കുട്ടിക്ക് വേണ്ടിയാണെങ്കിലും മികച്ച സൗകര്യങ്ങളോട് കൂടി അങ്കണവാടി ഒരുക്കുക എന്നതാണ് സർക്കാരിന്റെ നയമെന്ന് മന്ത്രി പറഞ്ഞു. ഏറെ സന്തോഷത്തോടുകൂടിയാണ് ഓരോ കുരുന്നും ഇപ്പോൾ അങ്കണവാടികളിൽ എത്തുന്നത്, അത്രയ്ക്കും മനോഹരമായാണ് അവ സജീകരിച്ചിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു .
പച്ചവിരിച്ച ടർഫും ഗോൾ പോസ്റ്റും ഉൾപ്പെടെ കുട്ടികൾക്കായി വ്യത്യസ്ഥമായ ഫുട്ബോൾ കളിക്കളം, ശിശു സൗഹൃദമായ വിശാലമായ ക്ലാസ്സ് മുറി, പുറത്തെ കളികൾക്കായി പാർക്ക് , ആധുനിക അടുക്കള തുടങ്ങി എല്ലാ സൗകര്യങ്ങളോടും കൂടിയാണ് പയ്യംപള്ളി അങ്കണവാടി സ്മാർട്ട് ആക്കിയത്. നെടുമങ്ങാട് നഗരസഭാ പരിധിയിലെ 59 അങ്കണവാടികളിൽ 30 അങ്കണവാടികൾ ആണ് 2023-24 വാർഷിക പദ്ധതിയിലൂടെ സ്മാർട്ട് ആകുന്നത്. സ്മാർട്ട് അങ്കണവാടികൾക്കായി 60 ലക്ഷം രൂപയാണ് നെടുമങ്ങാട് നഗരസഭ വകയിരുത്തിയിരിക്കുന്നത്.
പത്താംകല്ല് ജംഗ്ഷനിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ നെടുമങ്ങാട് നഗരസഭാ ചെയർപേഴ്സൺ സി. എസ് ശ്രീജ അധ്യക്ഷത വഹിച്ചു. നഗരസഭയിലെ വിവിധ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷന്മാർ, കൗൺസിലർമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.