നഗര പ്രദേശങ്ങളിലെ ജനങ്ങൾക്ക് സമഗ്ര പ്രാഥമിക ആരോഗ്യ പരിരക്ഷ ഉറപ്പ് വരുത്തുന്നതിനായി സംസ്ഥാനത്ത് നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ സജ്ജമാകുന്നതിന്റെ ഭാഗമായി നെടുമങ്ങാട് നഗരസഭാ പരിധിയിൽ മൂന്ന് നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ പ്രവർത്തനം ആരംഭിച്ചു. ഭക്ഷ്യ -പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ ആരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. എല്ലാ ജനങ്ങൾക്കും കയ്യെത്തും ദൂരത്ത് ആരോഗ്യ പരിരക്ഷ ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.
നെടുമങ്ങാട് നഗരസഭയിലെ പാറമുട്ടത്തും, മണക്കോട് വാർഡിലെ കാവിയോട്ടുമുകളും, കൊടിപ്പുറത്തുമാണ് നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ തുറന്നത്. അടിസ്ഥാന സൗകര്യങ്ങളുൾപ്പെടെ വികസിപ്പിച്ച് നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ സജ്ജമാക്കാൻ 48 ലക്ഷം രൂപ വീതമാണ് ഓരോ കേന്ദ്രത്തിനും അനുവദിച്ചിട്ടുള്ളത്. ഒരു ഡോക്ടർ, 2 സ്റ്റാഫ് നഴ്സ്, ഒരു ഫാർമസിസ്റ്റ്, എന്നിങ്ങനെ നാല് ജീവനക്കാർ ഇവിടെയുണ്ടായിരിക്കും. പൊതു അവധി ദിവസങ്ങളൊഴികെ നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങളിൽ ആഴ്ചയിൽ ആറു ദിവസവും ഉച്ചയ്ക്ക് രണ്ട് മണി മുതൽ വൈകീട്ട് എട്ട് മണി വരെ സേവനങ്ങൾ ലഭ്യമാകും.
പാറമുട്ടത്തും, കാവിയോട്ടുമുകളും, കൊടിപ്പുറത്തുമായി നടന്ന ഉദ്ഘാടന സമ്മേളനങ്ങളിൽ നെടുമങ്ങാട് നഗരസഭാ ചെയർപേഴ്സൺ സി. എസ് ശ്രീജ അധ്യക്ഷത വഹിച്ചു. നഗരസഭാ ആരോഗ്യ കാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സൺ അജിത. എസ് , ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ബി. സതീശൻ മറ്റ് സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷൻമാർ, കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.