സര്‍ക്കാരിന് നൂതനാശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന സമീപനം: മന്ത്രി ആര്‍. ബിന്ദു

നൂതനാശയങ്ങള്‍ പ്രോത്സാഹിപ്പിക്കുക എന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാരിനുള്ളതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദു. അഹല്യ എന്‍ജിനീയറിങ് കോളെജില്‍ എ.പി.ജെ അബ്ദുള്‍ കലാം ശാസ്ത്ര-സാങ്കേതിക സര്‍വകലാശാലയുടെ ടെക് ഫെസ്റ്റിന്റെയും കേരളാ സാങ്കേതിക കോണ്‍ഗ്രസിന്റെയും ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തെ ഒരു നവവൈജ്ഞാനിക സമൂഹമാക്കി പരുവപ്പെടുത്തുക എന്നത് നവകേരള സൃഷ്ടിയുടെ ഭാഗമായി ഏറ്റെടുക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ചുമതലകളില്‍ ഒന്നാണെന്നും മന്ത്രി പറഞ്ഞു.

കൃഷി, വ്യവസായം, ആരോഗ്യം തുടങ്ങിയ ജീവിത മേഖലകളില്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ക്ക് കൃത്യമായ പരിഹാരം നിര്‍ദേശിക്കാന്‍ കഴിയുന്നവിധത്തിലുള്ള നൂതനാശയങ്ങള്‍ യുവജനങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടായികൊണ്ടിരിക്കുകയാണ്. നൂതനാശയങ്ങള്‍ പ്രോത്സാഹിപ്പിക്കുക എന്ന സമീപനമാണ് സര്‍ക്കാരിനുള്ളത്. യങ് ഇന്നോവേറ്റീവ്സ് പ്രോഗ്രാം ഇതിനായി പ്രയോജനപ്പെടുത്താം.ഒരു നൂതനാശയം മുന്നോട്ട് വയ്ക്കുന്ന വിദ്യാര്‍ത്ഥിയ്ക്ക് അഞ്ച് മുതല്‍ 25 ലക്ഷം രൂപ വരെ സാമ്പത്തിക സഹായം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും മന്ത്രി പറഞ്ഞു.

കേരളം ഇതുവരെ ആര്‍ജിച്ചിട്ടുള്ളതില്‍ വലിയ മൂലധനം അറിവാണ്. ഈ അറിവ് പ്രയോജനപ്പെടുത്തി സമ്പദ്ഘടനയുടെ വിപുലീകരണത്തിനും ജനങ്ങളുടെ ജീവിത നിലവാര വര്‍ധനവിനും ഉപയോഗപ്പെടുത്താനുള്ള ആലോചനയാണ് കലാലയങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പരിപാടിയില്‍ വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ് അധ്യക്ഷനായി. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഇന്‍ഡിപെന്‍ഡന്റ് ഡയറക്ടര്‍ ജിജി തോംസണ്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.