ഭൂരഹിതരില്ലാത്ത കേരളം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ പട്ടയമിഷനും പട്ടയമിഷന്റെ ഭാഗമായ പട്ടയ അസംബ്ലികളും സംയുക്തമായി ഫെബ്രുവരി 22 ന് നടത്തുന്ന സംസ്ഥാനതല/ജില്ലാതല പട്ടയമേളയുടെ നടത്തിപ്പ് സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ ആലോചനായോഗം ചേര്‍ന്നു.

ഇനിയും പട്ടയം കിട്ടാത്തവരെ കണ്ടെത്തി സ്വന്തമായി ഭൂമി ലഭ്യമാക്കാന്‍ പോംവഴി കണ്ടെത്തണമെന്ന് മന്ത്രി പറഞ്ഞു. ലഭ്യമായ ഭൂമിയില്‍ ഉടമസ്ഥര്‍ക്ക് വരുമാനമുണ്ടാക്കുന്നതിന് കൃഷി ഉള്‍പ്പെടെ ചെയ്യുന്നതിനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യണം. വരും വര്‍ഷങ്ങളില്‍ പട്ടയം ഇല്ലാത്തവരായി ആരും ഉണ്ടാകരുതെന്നും എല്ലാവര്‍ക്കും പട്ടയം ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. യോഗത്തില്‍ എ. പ്രഭാകരന്‍ എം.എല്‍.എ അധ്യക്ഷനായി. ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര, ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദ്, ഡെപ്യൂട്ടി കലക്ടര്‍(എല്‍.ആര്‍) ഡോ. എം.സി റെജില്‍, ആര്‍.ഡി.ഒ, തഹസില്‍ദാര്‍മാര്‍, വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.