കാർഷികവൃത്തിയിൽ വിളവ് വർദ്ധിപ്പിക്കാൻ ഇറിഗേഷനെ കൂടുതൽ പ്രയോജനകരമായി മാറ്റുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. ചിറ്റൂർ പുഴയ്ക്ക് കുറുകെ പെരുവെമ്പ് ഗ്രാമപഞ്ചായത്തിലെ വടകരപ്പള്ളി റെഗുലേറ്ററിൻ്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നെൽകൃഷിക്ക് മാത്രമല്ല നാണ്യവിളകൾക്കും ജലസേചനം ലഭ്യമാക്കി പദ്ധതി വിപുലീകരിക്കാൻ ആലോചിക്കുന്നുണ്ട്.
ഇതിനായി ഇറിഗേഷൻ, കൃഷി, സഹകരണം തുടങ്ങിയ വകുപ്പുകൾ ഏകോപിപ്പിച്ച് പ്രവർത്തിച്ചതായി മന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് 70,85,000-ലേറെ ഗ്രാമീണ ഭവനങ്ങളുണ്ട്. കഴിഞ്ഞ 60 വർഷം കൊണ്ട് 17 ലക്ഷം ഗ്രാമീണ കുടുംബങ്ങളിലായിരുന്നു ശുദ്ധജലം എത്തിക്കാൻ കഴിഞ്ഞിരുന്നത്. എന്നാൽ കഴിഞ്ഞ രണ്ടുവർഷംകൊണ്ട് 18 ലക്ഷം പുതിയ കണക്ഷനാണ് നൽകിയത്. അങ്ങിനെ 36 ലക്ഷത്തിലേറെ കുടുംബങ്ങൾക്ക് ശുദ്ധജലം എത്തിക്കാൻ ഇപ്പോൾ കഴിഞ്ഞു. ശേഷിച്ച രണ്ടുവർഷംകൊണ്ട് എല്ലാ മേഖലയിലും കുടിവെള്ളം എത്തിക്കാനുള്ള ജോലികൾ ആവിഷ്കരിച്ചു കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.
കേരളത്തിൽ 47,000 കോടി രൂപയുടെ ജോലികൾക്ക് തുടക്കം കുറിച്ചു. ചിറ്റൂർ മേഖലയിൽ ശേഷിക്കുന്ന ഗ്രാമീണ കുടുംബങ്ങൾക്ക് കുടിവെള്ളം എത്തിക്കാൻ 31 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. ഗ്രാമീണ അർബൻ മേഖലകളിൽ പൂർണ്ണമായി ശുദ്ധജലം എത്തിക്കാനും കാർഷിക മേഖലയ്ക്ക് വെള്ളം ലഭ്യമാക്കാനും ഇറിഗേഷൻ വകുപ്പിനെ കൂടുതൽ പ്രാപ്തമാക്കും. പറമ്പിക്കുളം ആളിയാർ കരാറിലൂടെ കേരളത്തിന് അർഹമായ ജലം നേടിയെടുക്കാൻ മന്ത്രി തലത്തിലും ഉന്നത ഉദ്യോഗസ്ഥ തലത്തിലും ചർച്ചകൾ നടക്കുകയാണ്. ഇതിലൂടെ കേരളത്തിന് അർഹതപ്പെട്ട 7.25 ടി.എം.സി വെള്ളം ജല കലണ്ടർ അനുസരിച്ച് കിട്ടുമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിന് 280 ക്യൂസെക്സ് വെള്ളം തമിഴ്നാട്ടിൽ നിന്നും ലഭിക്കുന്നുണ്ട്: മന്ത്രി കെ. കൃഷ്ണൻകുട്ടി
കേരളത്തിന് തമിഴ്നാട് 80 ക്യൂസെക്സ് വെള്ളമാണ് നിയമപ്രകാരം നൽകേണ്ടത് എന്നിരിക്കേ മന്ത്രി തലത്തിലുള്ള ഇടപെടലിലൂടെ 280 ക്യൂ സെക്സ് വെള്ളം നിലവിൽ ലഭിക്കുന്നുണ്ടെന്ന് വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. ചിറ്റൂർ പുഴയ്ക്ക് കുറുകെ പെരുവെമ്പ് ഗ്രാമപഞ്ചായത്തിലെ വടകരപ്പള്ളി റെഗുലേറ്ററിൻ്റെ ഉദ്ഘാടനത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പെരുവെമ്പിൽ 6.5 കോടി രൂപയുടെ സമഗ്ര കുടിവെള്ള പദ്ധതി പൂർത്തീകരിച്ചു തുടങ്ങി. പെരുവെമ്പ് പഞ്ചായത്തിലും ചിറ്റൂർ മണ്ഡലത്തിലുമായി നടത്തിയ വിവിധ വികസന പ്രവർത്തനങ്ങളും മന്ത്രി വിശദീകരിച്ചു.
കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെ 17. 717 കോടി രൂപ ചെലവിൽ പെരുവെമ്പ് ഗ്രാമപഞ്ചായത്തിലെ പാലത്തുള്ളയിലെ വടകരപ്പള്ളിക്ക് സമീപം ചിറ്റൂർ പുഴയ്ക്ക് കുറുകയാണ് റെഗുലേറ്റർ നിർമ്മാണം പൂർത്തീകരിച്ചത്. പരിപാടിയിൽ കെ.എസ്.ഇ.ബി സ്വതന്ത്ര ഡയറക്ടർ അഡ്വ. വി. മുരുകദാസ്, കെ.ഐ.ഐ.ഡി.സി ചീഫ് എൻജിനീയർ എസ്. തിലകൻ, ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. സുജാത, പെരുവെമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഹംസത്ത്, മറ്റു ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.