പ്രാദേശിക സര്‍ക്കാരുകളുടെ ഭാവിപ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചചെയ്തും വികസന പരിപാടികള്‍ക്ക് പുതുദിശാബോധംപകര്‍ന്നും സംസ്ഥാനത്തുടനീളമുള്ള തദ്ദേശസ്വയംഭരണ സ്ഥാപനപ്രതിനിധികള്‍ സംഗമിക്കുന്ന സംസ്ഥാന തദ്ദേശദിനാഘോഷത്തിന് കൊട്ടാരക്കരയില്‍ തുടക്കമായി. ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷ് ഉദ്ഘാടനം ചെയ്തു.

തദ്ദേശസ്ഥാപനങ്ങള്‍ വരുമാനസ്രോതസുകള്‍ ഫലപ്രദമായി പ്രയോജനപ്പെടുത്തുകയാണ് പരമപ്രധാനമെന്ന് മന്ത്രി എം. ബി. രാജേഷ് പറഞ്ഞു. സര്‍ക്കാര്‍ ഫണ്ടുകളെ മാത്രംആശ്രയിക്കാതെ പ്രവര്‍ത്തിക്കാനാകണം. വൈവിധ്യമാര്‍ന്ന വരുമാനമാര്‍ഗങ്ങള്‍ കണ്ടെത്തുകയാണ് വേണ്ടത്. ഇതോടൊപ്പം ജനങ്ങളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കുകയും വേണം. കാലതാമസം വരുത്തുന്നത് അംഗീകരിക്കില്ല. കെ-സമാര്‍ട്ട് വ്യാപനത്തിലൂടെ സേവനംവേഗത്തിലാക്കുകയുമാണ്.

മാലിന്യസംസ്‌കരണം കൂടുതല്‍ മെച്ചപ്പെടുത്തണം; വീഴ്ചവരുത്തുന്ന തദ്ദേശസ്ഥാപനങ്ങളും പിഴനല്‍കേണ്ടിവരും. ഓരോ സ്ഥാപനത്തിന്റേയും സമഗ്രപ്രവര്‍ത്തനം വിലയിരുത്തി പുരസ്‌കാരം നല്‍കുന്നരീതിയാണ് സര്‍ക്കാര്‍ പിന്തുടരുന്നത്. കുറ്റമറ്റപ്രവര്‍ത്തനത്തിലൂടെ മുന്നിലെത്താനാകുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

ഉദ്പാദനപ്രക്രിയയില്‍ഊന്നിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍കൈയെടുക്കണമെന്ന്  മന്ത്രി കെ. എന്‍. ബാലഗോപാല്‍ ആവശ്യപ്പെട്ടു. പുതിയമേഖലകള്‍ കണ്ടെത്തുന്നതിനൊപ്പം പ്രാദേശിക തൊഴിലടങ്ങളും രൂപീകരിക്കണം. വിഹിതങ്ങള്‍ നിഷേധിക്കുന്നതുവഴിയുള്ള സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കിടയിലും തദ്ദേശസ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ പ്രവര്‍ത്തനഫണ്ടാണ് അനുവദിക്കുന്നത്. ബജറ്റില്‍ 15,205 കോടി രൂപയാണ് വകയിരുത്തിയത്. 2021 മുതല്‍ നല്‍കിയത് 45,977 കോടി രൂപയാണ്. മാനദണ്ഡങ്ങള്‍ പ്രതികൂലമാക്കി വിഹിതംനിഷേധിക്കുന്ന പശ്ചാത്തലത്തിലും സര്‍ക്കാരിന്റെ പിന്തുണയ്ക്ക് കുറവ്‌വരുത്തിന്നല്ലെന്ന യഥാര്‍ഥ്യം തിരിച്ചറിയണമെന്നും അദ്ദേഹം വ്യക്തമാക്കി.

തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ എം ജി രാജമാണിക്യം, പ്രിന്‍സിപ്പല്‍ സെക്രട്ടറി ഷര്‍മിള മേരി ജോസഫ്, സ്‌പെഷ്യല്‍ സെക്രട്ടറി കെ മുഹമ്മദ് വൈ. സഫറുള്ള, അര്‍ബന്‍ ഡയറക്ടര്‍ അലക്‌സ് വര്‍ഗീസ്, അഡീഷണല്‍ ഡയറക്ടര്‍ എം പി അജിത്കുമാര്‍, എം ജി എന്‍ ആര്‍ ഇ ജി എസ് മിഷന്‍ ഡയറക്ടര്‍ എ നിസാമുദീന്‍, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക്, ഇംപാക്ട് കേരള മാനേജിംഗ് ഡയറക്ടര്‍ എസ് സുബ്രഹ്‌മണ്യന്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, രാഷ്ട്രീയ കക്ഷിനേതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.