വിദ്യാഭ്യാസ മേഖലയിലെ കാലാനുസൃതമായ മാറ്റങ്ങള്‍ അനിവാര്യമാണെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍. യു എസ് നികുതി രംഗത്തെ തൊഴില്‍ അവസരങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി അസാപ് കേരള സംഘടിപ്പിച്ച രാജ്യാന്തര കോണ്‍ക്ലേവ് ടി കെ എം എഞ്ചിനയറിങ് കോളജില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സാങ്കേതിക മാറ്റങ്ങള്‍ക്ക് അനുസൃതമായി നമ്മുടെ വിദ്യാഭ്യാസ രംഗവും ലോകനിലവാരത്തിലേക്ക് ഉയരേണ്ടതുണ്ട്. അക്കൗണ്ടിങ് രംഗത്ത് കേരളത്തിലെ മാനവവിഭവശേഷി ഉന്നതമാണ്. ഈ രംഗത്തെ പ്രതിഭയെ പരമാവധി പ്രയോജനപ്പെടുത്തി മികച്ച ശമ്പളത്തോടെ ചെറുപ്പക്കാര്‍ക്ക് തൊഴിലവസരം ഒരുക്കുകയാണ് എന്റോള്‍ഡ് ഏജന്റ് (ഇ എ) എന്ന ഈ കോഴ്സിലൂടെ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി കൂട്ടിചേര്‍ത്തു.

യു എസ് നികുതി മേഖലയുമായി ബന്ധപ്പെട്ട് കേരളത്തില്‍ വര്‍ധിച്ചു വരുന്ന തൊഴിലവസരങ്ങള്‍ പ്രയോജനപ്പെടുത്തുണം. നിരവധി അവസരങ്ങളുള്ള എന്റോള്‍ഡ് ഏജന്റ് (ഇ എ) യോഗ്യത നേടുന്നതിനുള്ള പരിശീലനം അസാപ് കേരളത്തില്‍ വിജയകരമായി സംഘടിപ്പിച്ചു വരുന്നുണ്ട്. നിലവില്‍ 3000 ല്‍ അധികം പേര്‍ക്ക് ജോലി നല്‍കാന്‍ വിവിധ കമ്പനികള്‍ അസാപ് കേരളയുമായി ധാരണയിലെത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. എം.എല്‍.എ എം. നൗഷാദ് അധ്യക്ഷനായി.

ചടങ്ങില്‍ അസാപ് കേരള സി എംഡി ഡോ. ഉഷ ടൈറ്റസ് മുഖ്യ പ്രഭാഷണം നടത്തി. ടി കെ എം ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. എസ്. ആയൂബ്, അമേരിക്കന്‍ നികുതി, അക്കൗണ്ടിങ് രംഗത്തെ പ്രമുഖ പരിശീലന സ്ഥാപനമായ ആയ സെര്‍ജന്റ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് എലിസബത്ത് കോലാര്‍, സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്സ് സീനിയര്‍ ഡയറക്ടര്‍ ഷോന്‍ മുള്ളെന്‍, ടി കെ എം കോളേജ് ട്രസ്റ്റ് ചെയര്‍മാന്‍ ജനാബ് ഷഹല്‍ ഹസ്സന്‍ മുസലിയാര്‍, സ്റ്റാര്‍ട്ടപ്പ് മിഷന്‍ സി ഇ ഒ അനൂപ് അംബിക, കെ പി എം ജി ഗ്ലോബല്‍ സര്‍വീസസ് ഡയറക്ടര്‍ രമേശ് നായര്‍, ഇവൈ എക്സിക്യൂട്ടീവ് ഡയറക്ടര്‍ വിവേക് പിള്ള, എച്ച് ആന്റ് ആര്‍ ബ്ലോക്ക് ഇന്ത്യയുടെ വൈസ് പ്രസിഡന്റും എം ഡിയുമായ ഹരിപ്രസാദ് കൃഷ്ണ പിള്ള, ഡയറക്ടര്‍ അന്‍ഷു ജെയ്ന്‍, ഗ്രേറ്റ് അഫിനിറ്റി അനീഷ് എന്‍, ടി കെ എം ആര്‍ട്ട്സ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ ചിത്രാ ഗോപിനാഥ് തുടങ്ങിയവര്‍  സംബന്ധിച്ചു. കോണ്‍ക്ലേവിന്റെ ഭാഗമായി വിദഗ്ധര്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്ക് വെയ്ക്കുകയും വിദ്യാര്‍ഥികളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്ന സെഷനും സംഘടിപ്പിച്ചു