അതിദാരിദ്ര്യനിര്‍മാര്‍ജനതിനായി വേറിട്ട ആശയങ്ങള്‍ ചര്‍ച്ച ചെയ്ത് തദ്ദേശ ദിനാഘോഷ പരിപാടിയോട് അനുബന്ധിച്ച് സംഘടിപ്പിച്ച സെമിനാര്‍. കൊട്ടാരക്കര ജൂബിലി മന്ദിരം മെയിന്‍ ഹാളില്‍ ‘അതിദാരിദ്ര്യ നിര്‍മാര്‍ജനം’ വിഷയത്തില്‍ നടന്ന സെമിനാര്‍ ജനപങ്കാളിത്തത്താലും ശ്രദ്ധേയമായി.
ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ അതിദാരിദ്ര്യനിര്‍മാര്‍ജനം മുന്‍നിര്‍ത്തി വിവിധആശയങ്ങള്‍ പങ്കുവെച്ചു.
ഇന്ത്യയിലെ ഏറ്റവും കുറവ് ദാരിദ്ര്യമുളള സംസ്ഥാനമായി കേരളം മാറിയിട്ടുണ്ട്. 2025 നവംബറോടുകൂടി കേരളത്തെ അതിദരിദ്രര്‍ ഇല്ലാത്ത സംസ്ഥാനമായി മാറ്റുക എന്ന ലക്ഷ്യത്തോടെ വിവിധ പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നത്. കൂടുതല്‍ കര്‍മ്മപദ്ധതികള്‍ ആവിഷ്‌കരിച്ച് സുസ്ഥിര ഉപജീവനത്തിന് മാര്‍ഗങ്ങള്‍ കണ്ടെത്തുകയെന്നത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് സെമിനാര്‍ അഭിപ്രായപ്പെട്ടു.
ഭക്ഷണം, സുരക്ഷിതമായ വാസസ്ഥലം, അടിസ്ഥാന വരുമാനം, ആരോഗ്യസ്ഥിതി എന്നീ മേഖലകള്‍ മുന്‍നിര്‍ത്തി നടപ്പിലാക്കിവരുന്ന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കി. അതിദരിദ്ര കുടുംബങ്ങളുടെ സാഹചര്യങ്ങള്‍ വിലയിരുത്തി വ്യക്തികേന്ദ്രീകൃത ഇടപെടലുകളാണ് നടത്തേണ്ടതെന്ന് സെഷന്‍ വിലയിരുത്തി. ‘മനസ്സോടെ ഇത്തിരി മണ്ണ്’ പോലുള്ള മാതൃക പ്രവര്‍ത്തനങ്ങള്‍ പ്രാധാന്യത്തോടെയാണ് കാണേണ്ടതെന്ന അഭിപ്രായവും ഉയര്‍ന്നു.
പ്രത്യേക സാഹചര്യങ്ങളില്‍ കുടുംബങ്ങള്‍ അതിദരിദ്രരായി മാറുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി ദാരിദ്ര്യത്തെ കുറിച്ചും മള്‍ട്ടി ഡൈമെന്‍ഷനല്‍ പോവര്‍ട്ടി ഇന്‍ഡക്‌സിനെ കുറിച്ചും കൂടുതല്‍ പഠിക്കേണ്ടതുണ്ടെന്ന് വിഷയാവതരണം നടത്തിയ സംസ്ഥാന ആസൂത്രണ ബോര്‍ഡ് മുന്‍ അംഗം ഡോ. കെ. എന്‍ ഹരിലാല്‍ പറഞ്ഞു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ദാരിദ്ര്യത്തെ തുടച്ചുനീക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിദരിദ്രരുടെ സാമ്പത്തിക സാമൂഹികഉന്നമനം ലക്ഷ്യമിട്ട് കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ഉജ്ജീവനം പദ്ധതിയെക്കുറിച്ച് കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് വിശദീകരിച്ചു. വിവിധ ദാരിദ്ര്യനിര്‍മാര്‍ജന പദ്ധതികളെ കുറിച്ച് മോഡറേറ്ററായ തദ്ദേശസ്വയംഭരണ പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ എം ജി രാജമാണിക്യം പ്രതിപാദിച്ചു. സാമൂഹികക്ഷേമപ്രവര്‍ത്തനങ്ങളില്‍ ജനകീയ പങ്കാളിത്തം ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്ന് മേയേഴ്‌സ് കൗണ്‍സില്‍ പ്രതിനിധി ബീന ഫിലിപ്പ് അഭിപ്രായപ്പെട്ടു.
ചേമ്പര്‍ ഓഫ് മുന്‍സിപ്പല്‍ ചെയര്‍മാന്‍ പ്രതിനിധി എസ് കുമാരി, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ പ്രതിനിധി എസ് കെ പ്രീജ, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രതിനിധി ടി കെ രവി തുടങ്ങിയവര്‍ പങ്കെടുത്തു.