പുതിയ സംരംഭങ്ങള്‍തുടങ്ങുന്നതിന് അനുകൂല സാഹചര്യമുള്ള രാജ്യത്തെ മികച്ച സംസ്ഥാനമാണ് കേരളമെന്ന് സംസ്ഥാന തദ്ദേശ ദിനാഘോഷത്തോടനുബന്ധിച്ച് നടന്ന സെമിനാര്‍. കൊട്ടാരക്കര ജൂബിലി മെയിന്‍ ഹാളില്‍ ‘സംരംഭകത്വവും ഉപജീവനവും’ വിഷയത്തിലായിരുന്നു സെമിനാര്‍. യുവജനങ്ങളുടെ നൂതന ആശയങ്ങള്‍ ലോകത്തിനുതന്നെ മാതൃകയാകുംവിധമുള്ളവയാണ്. നവസംരംഭങ്ങളാണ് കേരളത്തില്‍ തുടങ്ങുന്നതിലേറെയും. ഇത്തരം സംരംഭങ്ങള്‍ക്ക് സാമ്പത്തികസഹായം നല്‍കാന്‍ വിവിധ പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച് വരുന്നതും.
നഷ്ടത്തിലായ സംരംഭങ്ങളെ തിരിച്ചറിയുന്നതിനും പിന്നീട് ലാഭത്തിലാക്കുന്നതിനും ആവശ്യമായ വിദഗ്ധസഹായം നല്‍കുന്നുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങളുടെ പ്രവര്‍ത്തനരീതി താഴെതട്ട്‌വരെ എത്തിക്കുന്നതിനായി ഗ്രാമപഞ്ചായത്ത് തലത്തില്‍ ബോധവത്കരണം നടത്തിവരുന്നുണ്ട്. തൊഴില്‍സഭ, കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ മെച്ചപ്പെടുത്തുന്നത് വഴി പുതിയ സംരംഭകത്വ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് സാഹചര്യമൊരുങ്ങുമെന്നും വ്യക്തമാക്കി.

എം ജി എന്‍ ആര്‍ ഇ ജി എസ് മിഷന്‍ ഡയറക്ടര്‍ എ നിസാമുദ്ദീന്‍ സെമിനാര്‍ മോഡറേറ്റ് ചെയ്തു. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് വിഷയാവതരണം നടത്തി. കേരള സോഷ്യല്‍ ഓഡിറ്റ് സൊസൈറ്റി ഡയറക്ടര്‍ എന്‍ രമാകാന്തന്‍, ജന്‍ റോബോട്ടിക്‌സ് ഫൗണ്ടര്‍ എം കെ വിമല്‍ ഗോവിന്ദ്, മേയേഴ്‌സ് കൗണ്‍സില്‍ പ്രതിനിധി എം കെ വര്‍ഗീസ്, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ പ്രതിനിധി വി യശോദ,  വ്യവസായ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പി പ്രേംരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.