മാലിന്യ സംസ്‌കരണമേഖലയിലെ നൂതനആശയങ്ങള്‍ ചര്‍ച്ച ചെയ്ത് തദ്ദേശ ദിനാഘോഷം  പരിപാടിയോടനുബന്ധിച്ച് സംഘടിപ്പിച്ച സെമിനാര്‍. കൊട്ടാരക്കര ജൂബിലി മന്ദിരത്തിലെ ഓഡിറ്റോറിയത്തില്‍ ‘മാലിന്യ സംസ്‌കരണം – വെല്ലുവിളികളും നൂതന സാങ്കേതികവിദ്യയുടെ പ്രയോഗവും നിയമവും’ വിഷയത്തിലാണ് സംഘടിപ്പിച്ചത്.

മാലിന്യസംസ്‌കരണരംഗത്ത് സര്‍ക്കാര്‍ നടപ്പിലാക്കിവരുന്ന വിവിധപദ്ധതികള്‍ വിശദീകരിച്ചു. സംസ്ഥാനത്ത് പ്രതിദിനം ഉല്പാദിപ്പിക്കുന്ന 10,680 ടണ്‍ മാലിന്യത്തില്‍ 8273 ടണ്‍ മാലിന്യം സംസ്‌കരിക്കുന്നതിനുള്ള ശേഷി ആര്‍ജിക്കാനായി. ഹരിതകര്‍മ്മ സേന ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ വിവിധ പ്രവര്‍ത്തനങ്ങളാണ് സംസ്‌കരണത്തിനായി നടപ്പിലാക്കി വരുന്നത്. ഉറവിട മാലിന്യസംസ്‌കരണം അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്തുന്നു.

ശേഖരിച്ച  മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിന് ആവശ്യമായ  നടപടികളാണ് കൈകൊണ്ടുവരുന്നത്. പാഴ്‌വസ്തുക്കളില്‍ നിന്ന് പുനരുദ്പാദനം നടത്തുന്നതിന് പ്രത്യേക ശ്രദ്ധചെലുത്തേണ്ടതുണ്ട്. ശുചിത്വമേഖലയില്‍ സംസ്ഥാനം നേരിടുന്ന വെല്ലുവിളികളും ചര്‍ച്ച ചെയ്തു.
തദ്ദേശസ്വയംഭരണ വകുപ്പ് (അര്‍ബന്‍) ഡയറക്ടര്‍ അലക്‌സ് വര്‍ഗീസ് മോഡറേറ്ററായി.

പ്രിന്‍സിപ്പല്‍ സെക്രട്ടറി ശര്‍മിള മേരി ജോസഫ് വിഷയാവതരണം നടത്തി. മുഖ്യമന്ത്രിയുടെ ശാസ്ത്രസാങ്കേതിക ഉപദേഷ്ടാവ് എം സി ദത്തന്‍, ഇംപാക്ട് കേരള  മാനേജിങ് ഡയറക്ടര്‍  എസ് സുബ്രഹ്‌മണ്യന്‍,  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌സ് ചേമ്പര്‍ പ്രതിനിധി പി പി ദിവ്യ, ചേമ്പര്‍ ഓഫ് മുന്‍സിപ്പല്‍ ചെയര്‍മാന്‍ പ്രതിനിധി ഷെര്‍ളി ഭാര്‍ഗവന്‍, കേരള ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ പ്രതിനിധി കെ കെ രഞ്ജിത്ത്, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രതിനിധി തങ്കമ്മ ജോര്‍ജുകുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.