ഡിജിറ്റല്‍ വിടവുകള്‍ ഇല്ലാതാക്കി എല്ലാ വിഭാഗം ജനങ്ങളെയും ഡിജിറ്റല്‍ ലോകത്തേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന് തദ്ദേശ ദിനാഘോഷത്തോടനുബന്ധിച്ച് നടന്ന സെമിനാര്‍. കൊട്ടാരക്കര ജൂബിലി മന്ദിരം താഴത്തെനിലയിലെ ഓഡിറ്റോറിയത്തില്‍ ‘ഇ-ഗവണന്‍സും ഡിജിറ്റല്‍സാക്ഷരതയും’ വിഷയത്തിലാണ് സെമിനാര്‍ നടന്നത്.

സംസ്ഥാനത്തെ എല്ലാവിഭാഗം ജനങ്ങളും ഡിജിറ്റല്‍ സാക്ഷരത കൈവരിക്കുകയെന്നത് അത്യന്താപേക്ഷിതമാണ്. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ താരതമ്യം ചെയ്യുമ്പോള്‍ സാക്ഷരതയും ഡിജിറ്റല്‍ സാക്ഷരതയും കൈവരിക്കുന്നതില്‍ കേരളം ബഹുദൂരം മുന്നേറുകയാണ്. സമാനരീതിയിലെ പ്രവര്‍ത്തനങ്ങളിലൂടെ അതിവേഗം സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരത കൈവരിക്കാന്‍ കഴിയും.  ഇതിനാവശ്യമായ പ്രവര്‍ത്തനങ്ങളാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിവരുന്നത്. ഇങ്ങനെ ഡിജിറ്റല്‍വിടവ് ഇല്ലാതാക്കുകയും ഇ-ഗവണന്‍സിനെ പരമാവധി പ്രയോജനപ്പെടുത്താനും സാധിക്കുമെന്നും വിലയിരുത്തി.

തദ്ദേശസ്വയംഭരണ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി കെ മുഹമ്മദ് വൈ. സഫറുള്ള സെമിനാര്‍ മോഡറേറ്റ് ചെയ്തു. ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി പ്രതിനിധി ഡോക്ടര്‍ അഷറഫ് വിഷയാവതരണം നടത്തി. സാക്ഷരതാമിഷന്‍ ഡയറക്ടര്‍ എ ജി ഒലീന, കെ യു ആര്‍ ഡി എച്ച് സി മാനേജിങ് ഡയറക്ടര്‍ ആര്‍ എസ് കണ്ണന്‍, ചേമ്പര്‍ ഓഫ് മുന്‍സിപ്പല്‍ ചെയര്‍മാന്‍ പ്രതിനിധി സക്കീര്‍ ഹുസൈന്‍, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ പ്രതിനിധി ജസ്റ്റിന്‍ രവി, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രതിനിധി വി വി മുഹമ്മദലി, ഐ കെ എം പ്രതിനിധി സിബി തുടങ്ങിയവര്‍ പങ്കെടുത്തു.